തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കുറ്റപത്രം
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ബി.ജെ.പിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവിൽ പാലക്കാട് നാർകോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുമായ ആർ. മനോജ്കുമാർ കുറ്റപത്രം സമർപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും മറ്റ് രണ്ടുപേർ കൂട്ടുപ്രതികളുമാണ്.
301 പേജാണ് കുറ്റപത്രത്തിനുള്ളത്. 83 സാക്ഷികളാണ് കേസിലുള്ളത്. 62 രേഖകൾ, 12 മൊബൈൽ ഫോൺ എന്നിവ കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായി പൊലീസ് പരിശോധിച്ചിരുന്നു.
ക്രിമിനൽ നടപടി 41 എ പ്രകാരം നോട്ടീസ് അയച്ച് പ്രതികളെ വിളിപ്പിച്ച് ചോദ്യംചെയ്തതോടെ സാങ്കേതികമായി അറസ്റ്റ് നടപടികളും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് ആരോപണം. ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, സംഘടന ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെ പ്രതി ചേർത്താണ് അന്ന് പൊലീസ് കേസെടുത്തത്. ഇവർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് തിരുവനന്തപുരത്തുവെച്ച് 10 ലക്ഷവും സുൽത്താൻ ബത്തേരിയില്വെച്ച് 25 ലക്ഷം രൂപയും നല്കിയെന്നാണ് ജെ.ആര്.പി മുന് നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.