തെരഞ്ഞെടുപ്പ് തോൽവി; സി.പി.എം എറണാകുളം ജില്ല കമ്മിറ്റിയിൽ കൂട്ട നടപടി
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേറ്റ അപ്രതീക്ഷിത പരാജയങ്ങളിൽ സി.പി.എം ജില്ല കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ തോൽവിയുടെ പേരിലാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലെ തീരുമാനം.
തൃക്കാക്കര മണ്ഡലത്തിെൻറ ചുമതലയുണ്ടായിരുന്ന സി.കെ. മണിശങ്കറിനെ ജില്ല സെക്രേട്ടറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി. വിൻസെൻറിനെ െതരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി. ജില്ല സെക്രേട്ടറിയറ്റ് അംഗമായ എൻ.സി. മോഹനനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചു. പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതലയാണ് മോഹനന് ഉണ്ടായിരുന്നത്. ഏരിയ കമ്മിറ്റി അംഗം സി.ബി.എ ജബ്ബാറിനെ പാർട്ടിക്കുള്ളിൽ ശാസിക്കും.
പിറവം മണ്ഡലത്തിെല പരാജയത്തിൽ, കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ആയിരുന്ന ഷാജു ജേക്കബിനെ ജില്ല കമ്മിറ്റിയിൽനിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾതന്നെ മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റ് ഇട്ടുവെന്നത് ഉൾപ്പെടെയുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. കൂത്താട്ടുകുളം പാർട്ടി ഓഫിസ് സെക്രട്ടറി അരുണിനെ സ്ഥാനത്തുനിന്ന് മാറ്റി. അതേ ഓഫിസിലെ അരുൺ ബി. മോഹനെ ശാസിക്കാനും തീരുമാനിച്ചു.
എം. സ്വരാജ് അപ്രതീക്ഷിതമായി പരാജയപ്പെട്ട തൃപ്പൂണിത്തുറയിലും നടപടിയെടുത്തു. പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയതായിരുന്നു സ്വരാജിെൻറ പരാജയം. സി.എൻ. സുന്ദരനെ ജില്ല കമ്മിറ്റിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റി. ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
മണ്ഡലം കമ്മിറ്റികളിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിറവത്തെയും പെരുമ്പാവൂരിലെയും പരാജയം അന്വേഷിക്കാൻ കമ്മിറ്റികളെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് ജില്ല കമ്മിറ്റി നേരത്തേ അംഗീകരിച്ചിരുന്നു. ജില്ലയിലെ 20 ഏരിയ കമ്മിറ്റികൾ സമ്മേളനത്തോടെ 16 ആയി ചുരുക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.