തെരഞ്ഞെടുപ്പ് തോൽവി; പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ, മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര വിലയിരുത്തലിന് സി.പി.എം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള സി.പി.എം സംസ്ഥാന നേതൃയോഗം തുടങ്ങി. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വിശദ വിലയിരുത്തലിന് പാർട്ടി മുതിർന്നത്.
പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളിൽനിന്ന് സി.പി.എം റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ ജില്ലകളിൽനിന്നുള്ള അവലോകന റിപ്പോർട്ടും ലഭിച്ചു. ഇതടക്കം മുൻനിർത്തിയായിരുന്നു ആദ്യദിവസത്തെ ചർച്ച. ഓരോ മണ്ഡലം അടിസ്ഥാനമാക്കിയുള്ള പരിശോധനയുമുണ്ടായി.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കമുണ്ടായ വോട്ട് ചോർച്ചയും 11 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നിലെത്തിയതും യോഗം വിലയിരുത്തി. പല കോണുകളിൽനിന്നും വിമർശനങ്ങളും വിയോജിപ്പുകളുമുയർന്നെങ്കിലും പാർട്ടിയെയും സർക്കാറിനെയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനങ്ങളുണ്ടായില്ല.
തിങ്കളാഴ്ച സെക്രട്ടേറിയറ്റ് തുടരും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരും. സെക്രട്ടേറിയറ്റ് യോഗത്തിലെ വിലയിരുത്തലുകൾ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെ ചർച്ച.
പരമ്പരാഗത വോട്ട് ബാങ്കിലുണ്ടായ വിള്ളലും ക്ഷേമപദ്ധതികൾ തടസ്സപ്പെട്ടത് മൂലമുള്ള അതൃപ്തിയും സർക്കാർ സേവനങ്ങൾക്കുള്ള നിരക്കുയർന്നതിലെ എതിർപ്പുമടക്കം ജനവിധിയിൽ പ്രതിഫലിച്ചെന്ന വികാരം പാർട്ടിയിൽ താഴേത്തട്ടുമുതലുണ്ട്. ഇതിനിടെ, ഈ വിഷയത്തിൽ സമഗ്ര വിലയിരുത്തലിന് സി.പി.എം തീരുമാനിച്ചത്.
തുടർഭരണത്തോടെയുണ്ടായ ആശയപരമായ വീഴ്ചകളും ബി.ജെ.പി നേതാവുമായുള്ള ഇടതുമുന്നണി കൺവീനറിന്റെ കൂടിക്കാഴ്ചയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ വിശദീകരണമുണ്ടാകാത്തതുമടക്കം മറ്റ് ഘടകങ്ങളും ജനവിധിയിൽ പ്രതിഫലിച്ചു.
ബംഗാളിലെ തുടർഭരണവും പിന്നീട് പാർട്ടിക്കുണ്ടായ പതനവുമടക്കം കറുത്ത അനുഭവങ്ങൾ ദേശീയനേതൃത്വത്തിന്റെ മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ തുടർഭരണവും തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ഗൗരവത്തോടെയാണ് ദേശീയനേതൃത്വം കാണുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യം ഇക്കാര്യം അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.