തെരഞ്ഞെടുപ്പ് ചൂടിൽ നിയന്ത്രണങ്ങൾ പാളി; വീണ്ടും ആശങ്കയായി കോവിഡ്
text_fieldsകൊച്ചി: തെരഞ്ഞെടുപ്പിന് നൽകിയ ഇളവുകളിൽ സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിക്കുന്നു. ഒക്ടോബർ ആദ്യവാരമാണ് പ്രതിവാര ശരാശരി രോഗികൾ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പിന്നീട് ക്രമേണ കുറഞ്ഞ് അയ്യായിരത്തിൽ താഴെയെത്തിയെങ്കിലും മൂന്നാഴ്ചയായി ക്രമാനുഗത കുറവില്ലെന്നു മാത്രമല്ല ഡിസംബർ ആദ്യവാരം മുതൽ കൂടുകയുമാണ്. 5500നും 6500നുമിടയിലാണ് പ്രതിദിന രോഗികളുടെ എണ്ണം.
ടെസ്റ്റ് പോസിറ്റിവിറ്റിയിലും കാര്യമായ കുറവില്ല. മരണനിരക്കിൽ ഒട്ടും ആശ്വാസമില്ലെന്നതും ആശങ്ക ഉയർത്തുന്നു. അഞ്ചു ദിവസങ്ങളിലായി 139 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ കൈവിടുമെന്ന റിപ്പോർട്ടുകൾ സർക്കാറിനും ലഭിച്ചുകഴിഞ്ഞു.
മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇല്ലാതായ മട്ടാണ്. പിഴ ഭയന്ന് മാസ്ക് ധരിക്കുന്നതൊഴിച്ചാൽ ഒരു മുൻകരുതലും ഇല്ല. പൊതുയിടങ്ങളിലും വാഹനങ്ങളിലും ഓഫിസുകളിലും സമൂഹിക അകലം പേരിനു മാത്രമായി. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ജാഗ്രത കാട്ടിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ട്.
നവംബർ അവസാനം രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിന രോഗികളിൽ മുന്നിലെത്തി. കഴിഞ്ഞയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രണ്ടാം സ്ഥാനത്തായിരുന്നു. 9.9 ശതമാനമാണ് ശരാശരി നിരക്ക്.
ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 10.6 ശതമാനമാണ്. പ്രതിവാര ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുമെത്തി. നവംബർ 21 മുതൽ 28വരെ സംസ്ഥാനത്ത് 36,536 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മഹാരാഷ്ട്രയിൽ 40,060, ഡൽഹിയിൽ 38,265 എന്നിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.