തെരഞ്ഞെടുപ്പ്, 'കുടിയേറാൻ' കരുനീക്കം; ലക്ഷ്യം മലബാറും ഹൈറേഞ്ചും
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയതോടെ, സീറ്റ് ലക്ഷ്യമിട്ട് മറ്റ് ജില്ലകളിലേക്ക് കുടിയേറാനും കരുനീക്കങ്ങൾ. മലബാറിലെയും ഹൈറേഞ്ചിലെയും കുടിയേറ്റ മണ്ഡലങ്ങളിലേക്കാണ് ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ നോട്ടം. തട്ടകംവിട്ട് മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഏറെ കോൺഗ്രസിലാണ്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, തിരുവമ്പാടി, കണ്ണൂരിലെ ഇരിക്കൂർ, പേരാവൂർ, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, പീരുമേട് എന്നിവ നോട്ടമിട്ടാണ് രണ്ടാംനിര നേതാക്കൾ രംഗത്തുള്ളത്. കോട്ടയത്ത് ഇടം ലഭിച്ചില്ലെങ്കിൽ മാത്രം തട്ടകം വിടാനുള്ള പണിപ്പുരയിലാണ് ചില മുതിർന്ന നേതാക്കൾ.
നിയമസഭയിലുള്ള ഐഷാ പോറ്റി, കെ.സി. ജോസഫ്, റോഷി അഗസ്റ്റിൻ, വി.പി. സജീന്ദ്രൻ എന്നിവർ കോട്ടയം ജില്ലക്കാരാണ്. 'കുടിയേറിയവരിൽ' പ്രമുഖനായ കോൺഗ്രസിെൻറ മുതിർന്ന നേതാവ് കെ.സി. ജോസഫ് ഇനി ഇരിക്കൂറിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. നാലുപതിറ്റാണ്ടായി കണ്ണൂരിലെ ഇരിക്കൂറിനെയാണ് പ്രതിനിധീകരിക്കുന്നത്.
യുവാക്കൾക്കായി വഴിമാറുന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം പകരം ചങ്ങനാശ്ശേരിയാണ് ലക്ഷ്യമിടുന്നത്. ചങ്ങനാശ്ശേരി ഇല്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിലും വിജയിക്കാനാകുമെന്നാണ് കെ.സിയുെട കണക്കുകൂട്ടൽ. കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ഈ രണ്ടുസീറ്റുകളും നിലവിൽ ജോസഫ് ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ മുമ്പ് മൂവാറ്റുപുഴ എം.എൽ.എയായിരുന്നു. മാണി ഗ്രൂപ് മുന്നണി വിട്ടതോടെ ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിലൊന്നാണ് താൽപര്യം. ഇക്കാര്യത്തിൽ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ മൂവാറ്റുപുഴയെ പൂർണമായും അദ്ദേഹം കൈവിട്ടിട്ടില്ല.
ഉടുമ്പൻചോലയിൽ നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ എന്നിവർ പരിഗണിക്കപ്പെട്ടേക്കാം. കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് നൽകുന്ന തരത്തിലാണ് ചർച്ചകൾ. ഇത് കോൺഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, അജീസ് ബെൻ മാത്യു എന്നിവരുടെ പേരുകൾ ഉയരുന്നു.
എന്നാൽ, പൂഞ്ഞാറിലാണ് കെ.പി.സി.സി ജനറൽ സെക്രട്ടറികൂടിയായ ടോമി കല്ലാനിയുടെ കണ്ണ്.പേരാമ്പ്രയിൽ കഴിഞ്ഞ രണ്ടുതവണ പരാജയപ്പെട്ട കങ്ങഴ സ്വദേശി മുഹമ്മദ് ഇക്ബാൽ ഇത്തവണ എൽ.ഡി.എഫ് സീറ്റിൽ മലബാറിലെ പോരിടത്തിലുണ്ടാകുമെന്നാണ് സൂചനകൾ. കഴിഞ്ഞതവണ മത്സരിച്ച പേരാമ്പ്ര സീറ്റ് എൽ.ഡി.എഫ് നേതൃത്വേത്താട് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, സി.പി.എമ്മിെൻറ സീറ്റിങ് സീറ്റായതിനാൽ വിട്ടുകൊടുക്കാൻ സാധ്യതയില്ല. പകരം മറ്റൊരുമണ്ഡലം അനുവദിച്ചേക്കാം. ഇവിടേക്കാവും മുഹമ്മദ് ഇക്ബാലെത്തുക.
മുൻ ആലത്തൂർ എം.പിയായ മാഞ്ഞൂർ സ്വദേശി പി.കെ. ബിജുവിനെ പാലക്കാട് കൊങ്ങാട് മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞദിവസം നിര്യാതനായ കെ.വി. വിജയദാസിെൻറ മണ്ഡലമായിരുന്നു കൊങ്ങാട്. സി.പി.ഐയുടെ പീരുമേട് സീറ്റിൽ ഇ.എസ്. ബിജിമോൾ ഒഴിവായാൽ വി.ബി. ബിനു, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ എന്നിവരെയും പരിഗണിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.