സ്നേഹമായിരുന്നു ആ മാജിക്
text_fieldsയു.ഡി.എഫിെൻറ ഉറച്ച കോട്ടയായ എറണാകുളം നിയമസഭ മണ്ഡലത്തിൽ ആദ്യമായി വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയാണ് പ്രഫ. എ.കെ. സാനു. 1987ൽ അദ്ദേഹം നേടിയ അട്ടിമറി വിജയത്തിെൻറ മാജിക്കെന്താണെന്ന് ഇപ്പോഴും ചർച്ച ചെയ്യാറുണ്ട് രാഷ്ട്രീയ കേരളം.
ജനങ്ങൾക്ക് തോന്നിയ സ്വീകാര്യതയും പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട സ്നേഹവുമായിരുന്നു ആ മാജിക് എന്നാണ് മാഷിെൻറ മറുപടി. ജാതി-മത ഭേദമില്ലാതെ എല്ലാവരും തനിക്ക് വോട്ട് ചെയ്തു. തെൻറ സ്വഭാവത്തിൽ കുട്ടിക്കാലം മുതൽ ഒരു ദൗർബല്യമുണ്ടായിരുന്നു. ആര് എന്തിന് വിളിച്ചാലും സമ്മതിക്കും. അവരുടെ കൂടെ പോവും. ചില സംഘടനകളുടെ വാർഷികാഘോഷങ്ങൾക്ക് സംസാരിക്കാൻ പലരും പോകില്ല. താൻ ആരു വിളിച്ചാലും പോകും. ആരെങ്കിലും സഹായത്തിന് വന്നാലും പറ്റുമെങ്കിൽ ചെയ്തുകൊടുക്കും. അങ്ങനെ ധാരാളം മനുഷ്യബന്ധം ഉണ്ടായി.
ഉദാഹരണത്തിന് എറണാകുളത്തെ പുരോഹിതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവർ സാധാരണ യു.ഡി.എഫിന് വോട്ടു ചെയ്യുന്നവരാണ്. എന്നാൽ, തന്നെ അവർക്ക് തള്ളിക്കളയുക പ്രയാസമായി. അതിനാൽ സാനു മാഷിന് വോട്ട് ചെയ്യണമെന്ന് അവർ പറഞ്ഞു. സഭയിൽനിന്ന് കാര്യമായ എതിർപ്പ് ഉണ്ടായില്ല. അന്ന് ഇടതുപക്ഷത്തിന് കടന്നുചെല്ലാൻ കഴിയാത്ത ഇടമാണ് പനമ്പിള്ളി നഗർ. തനിയെ ചെന്ന് ആദ്യത്തെ വീട്ടിൽ കയറി. ഭിക്ഷുവാണ് ഭക്ഷണമോ പണമോ വേണ്ട. നിങ്ങളുടെ ഒരു വോട്ട് എനിക്ക് തരണമെന്ന് പറഞ്ഞു.
ആ വീട്ടുകാർ മറ്റ് വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രത്യേകതരം അഹങ്കാരവും അഴിമതിയുമായിരുന്നു അന്ന് ഭരണത്തിലിരുന്ന കെ. കരുണാകരൻ സർക്കാറിെൻറ മുഖമുദ്ര. ജനങ്ങൾ അതിനെതിരെ പ്രതികരിച്ചു. ഐ.എൻ.ടി.യു.സിക്കാർ പലരും തനിക്ക് വേണ്ടി പ്രവർത്തിച്ചു. കോളജ് ജീവിതവും പൊതുകാര്യങ്ങളിൽ ഇടപെട്ടതും വിജയത്തിന് സഹായകമായി.
വൈലോപ്പിള്ളി ശ്രീധരമേനോന് ശേഷം 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡൻറായി. തൊട്ടടുത്ത വർഷമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ്. സ്ഥാനാർഥിയാകണമെന്ന കാര്യം ആദ്യം എം.എം. ലോറൻസാണ് സംസാരിച്ചത്. മത്സരിക്കാൻ താൽപര്യമില്ലെന്ന് മറുപടി നൽകി. പിന്നീട് ഇ.എം.എസ് നേരിട്ട് സംസാരിച്ചു. സാംസ്കാരിക രംഗത്തെ പലരെയും സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചുവെന്നും മാഷും നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് വലിയ റോളില്ല. പുരോഗമന സാഹിത്യ സംഘടനയിൽ പോലും എഴുത്തുകാരില്ലാത്ത കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.