തെരഞ്ഞെടുപ്പ് വരുന്നു: ദേശീയപാത 744ന് സ്ഥലം നൽകിയവർ തൃശങ്കുവിൽ
text_fieldsകൊല്ലം: ദേശീയപാത 744ല്‍ കടമ്പാട്ടുകോണം-ആര്യങ്കാവ് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് ഭൂമി നല്‍കുന്നവരുടെ നഷ്ടപരിഹാരമടക്കം അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയിലാണ് രണ്ടായിരത്തിലധികം വരുന്ന ഭൂഉടമകൾ.
ഒരു വർഷംമുമ്പ് അളന്നുതിരിച്ച് രേഖകളടക്കം കൈപ്പറ്റിയ ഭൂമി ഏറ്റെടുത്ത് പണം നൽകുന്നതിലാണ് കാലതാമസം തുടരുന്നത്. ഇപ്പോൾ പ്രശ്നം പരിഹരിച്ചാൽ അത് ചിലർക്കൊക്കെ രാഷ്ട്രീയ ലാഭത്തിന് കാരണമാകുമെന്ന വിലയിരുത്തലിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപെടലാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ന്യായമായ നഷ്ടപരിഹാരം തീരുമാനിക്കുക, അത് സമയബന്ധിതമായി ലഭിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളില്‍ തൃപ്തികരമായ മറുപടി ആര് നല്‍കും എന്നതിൽപോലും ആശയക്കുഴപ്പമാണ്. ഭൂമി വേണം, അത് നിർബന്ധമായും കൊടുക്കുകയും വേണം; ഉദ്യോഗസ്ഥര്‍ അസ്സല് രേഖകള്‍ വാങ്ങുകയും ചെയ്തു. എന്നാൽ, എത്ര രൂപയാണ് വില, അത് എപ്പോള്‍ കിട്ടും എന്നതിന് ഒരു നിശ്ചയവുമില്ല.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) മെച്ചപ്പെട്ട വില കൊടുക്കാന്‍ തയാറാണത്രെ. സംസ്ഥാന സര്‍ക്കാറിനും ഇക്കാര്യത്തില്‍ സംശയമില്ല. ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആർക്കോവേണ്ടി കുരുക്കുകള്‍ സൃഷ്ടിക്കുന്നെന്നാണ് ആക്ഷേപം. ആദ്യത്തെ അലൈന്മെന്റില് ആറിടത്ത് മാറ്റംവരുത്തിയെന്നും അതില്‍ അഴിമതിയുണ്ടെന്നും ആരോപണമുയർന്നിരുന്നു. നിർമാണ വസ്തുക്കളുടെ ചരക്കുസേവന നികുതി, റോയൽറ്റി എന്നിവ സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തീരുമാനമാകാത്തത് തുടർനടപടികളെ മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ജനുവരി 23ന് നടന്ന യോഗത്തിൽ അതോറിറ്റിയുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ചു.
എന്നാൽ, ഇതുസംബന്ധിച്ച കത്ത് കേന്ദ്ര സർക്കാറിന് നൽകിയിട്ടില്ല. കത്ത് അയച്ചാലേ ദേശീയപാത അതോറിറ്റി തുടർനടപടി പുനരാരംഭിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2023 ജനുവരി 30ന് നടന്ന റിവ്യൂ മീറ്റിങ്ങിലെ തീരുമാനപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. അതാണ് ഒരു വർഷം വൈകി തെരഞ്ഞെടുപ്പിന്റെ പടിവാതിലിലേക്ക് എത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.