വി.സി സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ്: 'കേരള' സെനറ്റ് യോഗത്തിൽ ക്വോറം ഇല്ലാതാക്കൽ തന്ത്രമൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഈ മാസം 11ന് ചേരാനിരിക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം 'ക്വോറം' തന്ത്രത്തിൽ കുരുക്കാൻ ലക്ഷ്യമിട്ട് ഭരണപക്ഷം. ചാൻസലറായ ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നാണ് വി.സി ഈ മാസം 11ന് സെനറ്റിന്‍റെ പ്രത്യേക യോഗം വിളിച്ചുചേർത്തത്. അഞ്ചിലൊന്ന് അംഗങ്ങൾ ഹാജരായാൽ മാത്രമേ സെനറ്റ് യോഗത്തിന് ക്വോറം തികയുകയുള്ളൂ. ഇതുപ്രകാരം 21 അംഗങ്ങളെങ്കിലും പങ്കെടുക്കണം. യു.ഡി.എഫിന് നിലവിൽ സെനറ്റിൽ പത്ത് അംഗങ്ങൾ മാത്രമാണുള്ളത്.
ഗവർണറുടെ നിർദേശം പാലിക്കാൻ വി.സി ബാധ്യസ്ഥനായതിനാലാണ് സെനറ്റ് യോഗം വിളിക്കാൻ നിർബന്ധിതമായത്. എന്നാൽ, സെനറ്റ് യോഗത്തിൽനിന്ന് ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം വിട്ടുനിൽക്കുകയും ക്വോറം തികയാത്ത സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. ഇതുവഴി യോഗം വിളിച്ചുചേർക്കാനുള്ള ഗവർണറുടെ നിർദേശം നടപ്പാക്കി വി.സിക്കെതിരെ ചാൻസലറുടെ നടപടി ഒഴിവാക്കാനും പുതിയ വി.സി നിയമനത്തിനുള്ള നടപടികൾ വീണ്ടും നീട്ടിക്കൊണ്ടുപോകാനാകുമെന്നും ഭരണപക്ഷം കണക്കുകൂട്ടുന്നു.
പത്ത് യു.ഡി.എഫ് അംഗങ്ങൾക്ക് പുറമെ വി.സിയും പി.വി.സിയും യോഗത്തിന് നിർബന്ധമായും എത്തേണ്ടിവരും. അപ്പോഴും ക്വോറം തികയില്ല. സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത 13 അംഗങ്ങളുണ്ട്. ഈ അംഗങ്ങൾ ക്വോറം തികക്കാതെ സെനറ്റ് യോഗം പൊളിക്കാനുള്ള നീക്കത്തിൽ ഭാഗമായാൽ അവർക്കെതിരെ നടപടിയെടുക്കാൻ ഗവർണർക്കാകും. വി.സിക്കും പി.വി.സിക്കും പത്ത് യു.ഡി.എഫ് അംഗങ്ങൾക്കും പുറമെ ഗവർണർ നാമനിർദേശം ചെയ്ത 13 അംഗങ്ങൾകൂടി യോഗത്തിനെത്തിയാൽ ആവശ്യമായ ക്വോറം തികയും. ഇതിന് പുറമെ ഗവൺമെന്‍റ് സെക്രട്ടറിമാരും ഡയറക്ടർമാരുമായ ഏഴ് പേരും സെനറ്റിൽ അംഗങ്ങളാണ്. പഠനവകുപ്പ് മേധാവികളും ഡീനുമാരുമായി 11 പേരും സെനറ്റ് അംഗങ്ങളാണ്. ഇവർ യോഗത്തിൽ പങ്കെടുക്കുമോ എന്നതും നിർണായകമാകും.
ക്വോറം തികഞ്ഞാൽ ഭരണപക്ഷത്തുനിന്ന് പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിൽ യു.ഡി.എഫ് നിർദേശിക്കുന്ന പേര് പരിഗണിക്കാൻ വി.സി നിർബന്ധിതനാകും. ക്വോറം തികയാതെ സെനറ്റ് യോഗം അപ്രസക്തമാക്കാൻ ഭരണപക്ഷം തന്ത്രം മെനഞ്ഞാൽ ഗവർണറുടെ നിലപാടും നിർണായകമായി മാറും. ഈ മാസം 24നാണ് നിലവിലുള്ള വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി കഴിയുന്നത്.
പുതിയ വി.സിയെ കണ്ടെത്താൻ സർവകലാശാല പ്രതിനിധിയെ ലഭിക്കാതെവന്നതോടെ രണ്ടംഗ സെർച്ച് കമ്മിറ്റിയാണ് ഗവർണർ രൂപവത്കരിച്ചത്. സർവകലാശാല പ്രതിനിധിയെ ആവശ്യപ്പെട്ട് മൂന്നുതവണ രാജ്ഭവൻ സർവകലാശാലക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.