നിയമസഭാ സമ്മേളനത്തിെൻറ അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാന വിജയത്തെതുടർന്ന് സംസ്ഥാനത്ത് തുടർഭരണം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൽ.ഡി.എഫ്. വിജയത്തുടർച്ച നിലനിർത്താൻ ആവശ്യമായ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ധാരണയായി. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിെൻറ അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അവസാന നിയമസഭ സമ്മേളനമായിരിക്കും അത്.
കോവിഡ് പശ്ചാത്തലത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനത്തിന് തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചാണ് വൈകീട്ട് എ.കെ.ജി സെൻററിൽ യോഗം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ഘടകകക്ഷി നേതാക്കൾക്ക് പങ്കുവെച്ചു. സമാനതകളില്ലാത്ത തരത്തിലുള്ള വിമർശനമാണ് സർക്കാറിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും ഒരുവിഭാഗം മാധ്യമങ്ങളും ഉയർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല അന്വേഷണവും വന്നു.
പക്ഷേ, സ്വർണം എവിടെനിന്ന് വന്നു, എവിടേക്ക് പോയി എന്ന് കണ്ടെത്തിയിട്ടില്ല. പക്ഷേ, സർക്കാറിെൻറ കുറ്റം കണ്ടെത്താൻ ശ്രമിക്കുകയാണ്. അന്വേഷണത്തിന് വന്ന കേന്ദ്ര ഏജൻസികൾ അതിൽനിന്ന് വ്യതിചലിച്ചതിനാലാണ് അക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് ചെറിയ കക്ഷികളെക്കൂടി പരിഗണിക്കണമെന്ന എൽ.ജെ.ഡിയുടെ ആവശ്യത്തെ എൻ.സി.പിയും ജെ.ഡിയും (എസ്) പിന്തുണച്ചു. സംസ്ഥാനതലത്തിൽ നിർദേശം ജില്ലകളിലേക്ക് നൽകണമെന്നും എൽ.ജെ.ഡി നിർദേശിച്ചു. എന്നാൽ, വിഷയം ജില്ലതലത്തിൽ ആദ്യം ചർച്ച ചെയ്ത് റിപ്പോർട്ട് വന്നശേഷം ഉഭയകക്ഷി ചർച്ചയോ എൽ.ഡി.എഫ് ചേരുകയോ ആവാമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മുന്നണി മാറ്റവും തെരഞ്ഞെടുപ്പും ഒരുമിച്ച് വന്നപ്പോൾ തങ്ങളുടേത് രാഷ്ട്രീയവിജയംകൂടിയായെന്ന് ജോസ് കെ. മാണി പറഞ്ഞു. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.