കോൺഗ്രസിലെ പാലുകാച്ചും കല്യാണവും
text_fieldsപാവം, പൂവൻകോഴിക്കുപോലും ഇൗ തെരഞ്ഞെടുപ്പു കാലത്ത് രക്ഷയില്ലാതായി. പുരപ്പുറത്തുകയറി മര്യാദക്കൊന്ന് കൂവാമെന്നുെവച്ചാൽ അതിനും സമ്മതിക്കില്ല. അവിടം മുതൽ ആത്മഹത്യ ഭീഷണി, തലമുണ്ഡനം തുടങ്ങിയവയുമായി കോൺഗ്രസുകാർ നിറഞ്ഞുനിൽക്കുകയാണ്.
തെരഞ്ഞെടുപ്പെന്നുപറയുന്നത് ഉത്സവമാണ്. ഇത് ചങ്കിൽപ്പിടിച്ചിട്ടുള്ളത് കോൺഗ്രസുകാർക്കുമാണ്. പാലുകാച്ചിനും കല്യാണത്തിനുമൊക്കെയുള്ള ആവേശമാണ് അവർക്കപ്പോൾ. അതുകൊണ്ടാണ് പഞ്ചായത്തു മുതൽ, പാർലമെൻറ് വരെ, തെരഞ്ഞെടുപ്പ് സമയത്ത്, ഒാരോരോ പരിപാടികളുമായി അവർ ഇറങ്ങുന്നത്. ഇത്തവണത്തെ പുതിയ െഎറ്റങ്ങളിൽപ്പെടുന്നതാണ് പുരപ്പുറത്ത് കയറൽ, ആത്മഹത്യ ഭീഷണി, തലവടിക്കൽ തുടങ്ങിയവ.
ഡൽഹിയിൽ നിന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സ്വന്തം നാടുകളിലെത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടക്കം പുതുപ്പള്ളിയിൽനിന്നു തന്നെ...ഉമ്മൻ ചാണ്ടി വീട്ടിലെത്തും മുമ്പ് ആൾ പുരപ്പുറത്തു കയറിക്കഴിഞ്ഞിരുന്നു. അദ്ദേഹം എത്തിയതോടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ യവനിക പൊങ്ങി. പിന്നെ 'അയ്യോ അച്ഛാ, പോകല്ലേ' മട്ടിൽ നിലവിളി, കരച്ചിൽ, ഇപ്പോൾ ചാടും ഭീഷണി. ഒടുവിൽ ആ പ്രഖ്യാപനം വന്നു...'ഞാൻ നിങ്ങളെ വിെട്ടങ്ങും പോവില്ല, ഇവിടെത്തന്നെ.' അതോടെ കർട്ടൻ വീണു.
ഡൽഹിയിൽനിന്ന് ഒരുമിച്ചൊെക്കയാണ് പോന്നതെങ്കിലും ഇങ്ങനെയൊരു അറേഞ്ച്മെൻറിനെക്കുറിച്ചുള്ള സൂചനപോലും ഉമ്മൻ ചാണ്ടി രമേശിന് നൽകിയിരുന്നില്ല. ഹരിപ്പാടെത്തിയ രമേശ് ചാനലുകളിൽ കാണുന്നത് തകർത്തോടുന്ന, പുതുപ്പള്ളി വിശേഷങ്ങളാണ്. മോശമാവാൻ പറ്റില്ലല്ലോ? അതോടെ, പഴയ പ്രേംനസീർ ലൈനിൽ വന്നു, 'അമ്മേ...'യെന്ന വിളി. എനിക്ക് ഹരിപ്പാട് അമ്മയെപ്പോലെയാണ്. അദ്ദേഹം വെളിപ്പെടുത്തി. മുൻകൂർ തയാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതിനാൽ അത്രയൊക്കെയേ പറ്റിയുള്ളൂ.
അടുത്തരംഗം കൊല്ലത്താണ്. സീറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ, രാവിലെ മുതൽ തന്നെ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ റിഹേഴ്സൽ തുടങ്ങിയിരുന്നു. ഉച്ചയായതോടെ, അവതരിപ്പിച്ചു തുടങ്ങി. കെട്ടിപ്പിടിത്തം, ഉമ്മവെപ്പ്. പിന്നെ, ഗദ്ഗദം, അവസാനം പൊട്ടിക്കരച്ചിൽ...ഏതായാലും രാത്രി, വിളിവന്നൂ, കൂടുതലൊന്നും വേണ്ട, സീറ്റ് തരും.
അതോടെ, അന്നത്തേത് അവസാനിച്ചു. പിറ്റേന്നായിരുന്നു ൈക്ലമാക്സ്. അത് ഇത്തിരി കടുത്തുപോയി. കൗരവർ അപമാനിച്ചതിന് കൗരവസഭയിൽ ദ്രൗപദി മുടിയഴിച്ചിടുകയാണ് ചെയ്തതെങ്കിൽ, കെ.പി.സി.സി ആസ്ഥാനത്ത് ലതികാ സുഭാഷ് മുടി വടിച്ചു കളയുകയായിരുന്നു.
കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു ആ കടുംകൈ. തുടർന്ന് രാജി പ്രഖ്യാപനവും. ഒരു രാജിയിൽനിന്ന് ഒരായിരം രാജികൾ ഉയരുമെന്ന മട്ടിൽ പിന്നീട് രാജികളുടെ പ്രവാഹമായിരുന്നു. ഉമ്മൻ ചാണ്ടി നാടകം നടക്കുേമ്പാൾ, ലതിക പുതുപ്പള്ളിയിലുണ്ടായിരുന്നു. അവിടത്തെ സംഘത്തെയും കൂട്ടിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും അതുകൊണ്ടാണ് ഇത്ര പെർഫക്ടായി തലമുണ്ഡനം അവതരിപ്പിക്കാനായതെന്നുമാണ് കിംവദന്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.