വടകരയിലെ ‘കാഫിർ’ പരാമർശം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി, ആഹ്ലാദ പ്രകടനം രാത്രി ഏഴ് വരെ
text_fieldsവടകര : ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വടകരയിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിൻ്റ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ യോഗത്തിൽ തീരുമാനമായി. വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലാണ് യോഗം ചേർന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് ആഹ്ലാദ പ്രകടനം രാത്രി ഏഴ് മണി വരെ നടത്താൻ തീരുമാനമായി. ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂണ്‍ അഞ്ചിന് നടത്താനും ധാരണയായി. നേരത്തെ ആഹ്ളാദ പ്രകടനം ആറു മണിവരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഫലപ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിൻ്റ അടിസ്ഥാനത്തിലാണ് ആഹ്ളാദ പ്രകടനം രാതി ഏഴ് വരെ നീട്ടിയത്. ‘കാഫിർ’ പരാമർശമുൾപ്പെടെ സാമൂഹ്യ മാധ്യമങ്ങൾ വഴി സ്പർദ്ദയുണ്ടാക്കുന്ന പരാമർശം നടത്തിയത് സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നു.
‘കാഫിർ’ പരാമർശത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്, ആർ.എം.പി നേതാക്കൾ യോഗത്തിൽ ആവശ്യപെട്ടു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി യോഗത്തെ അറിയിച്ചു, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ നീക്കാനും തീരുമാനമായി.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, കണ്ണൂർ സിറ്റി കമ്മീഷണർ അജിത് കുമാർ, തലശേരി എ.എസ്.പി. ഷഹൻഷാ, വടകര ഡി.വൈ.എസ്.പി. കെ.വിനോദ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി.എം.ജില്ല സെക്രട്ടറി പി.മോഹനൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ,കെ.കെ.ദിനേശൻ, അഡ്വ. ഐ.മൂസ, എൻ. വേണു, ചന്ദ്രൻ കുളങ്ങര, സി.വിനോദൻ, എ.ടി.ശ്രീധരൻ, ടി.കെ.രാജൻ, രാംദാസ് മണലേരി, പി.പി.മുരളി, പി.പി.വ്യാസൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.