തെരഞ്ഞെടുപ്പ് ഫലം കെ. റെയിൽ പ്രശ്നത്തിലെ ഹിതപരിശോധനയല്ല -കോടിയേരി
text_fieldsതെരഞ്ഞെടുപ്പ് ഫലം കെ. റെയിൽ പ്രശ്നത്തിലെ ഹിതപരിശോധനയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. റെയിൽ പ്രശ്നം വെച്ചുള്ള തെരഞ്ഞെടുപ്പായിരുന്നില്ല ഇത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇത് സംബന്ധിച്ച നിർദേശം ഉണ്ടായത്. ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. കെ. റെയിലുമായി ബന്ധപ്പെട്ട ഹിതപരിശോധന ഒരു മണ്ഡലത്തിൽ മാത്രം നടത്തേണ്ട ഒന്നല്ല. അതും ഈ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും.
ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പായാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർപ്രവർത്തനങ്ങളാണ് ഏറ്റെടുക്കേണ്ടത്. ബൂത്ത് തലം മുതൽ പാർട്ടി പരിശോധന നടത്തും. ഒരു തെരഞ്ഞെടുപ്പിൽ തോറ്റു എന്നത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതാനാവില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റവരാണ് ഇടതുപക്ഷം. അതിൽനിന്നാണ് നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റിലേക്ക് എത്താൻ സാധിച്ചത്. അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർപ്രവർത്തനം നടത്തുക എന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നത്.
ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന്റെ വോട്ട് വിഹിതം വർധിപ്പിക്കാനായെങ്കിലും അവിടെ നടത്തിയ പ്രവർത്തനം കണക്കിലെടുക്കുമ്പോൾ ഈ വർധനവ് പോര. എന്നാൽ, ബി.ജെ.പിയുടെ വോട്ടിലുണ്ടായ കുറവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി ട്വന്റി പോലുള്ള സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതും യു.ഡി.എഫിന് ഗുണമായി. ബി.ജെ.പിയുടെ വോട്ടിൽ ക്രമാനുഗതമായ കുറവ് മണ്ഡലത്തിൽ വരുന്നുണ്ട്. ആ വോട്ട് യു.ഡി.എഫിന് അനുകൂലമായാണ് മാറുന്നത്. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് തുടർപ്രവർത്തനം നടത്തുക എന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ച മുന്നറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.