തെരഞ്ഞെടുപ്പ് ഫലം: ഇനിയും കാക്കണം, 10 നാൾ
text_fieldsതിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കണമെന്ന് ജനമെഴുതിയ വിധിയറിയാൻ ഇനി 10 നാൾ കൂടി കാത്തിരിപ്പ്. വിധിയെഴുതിയ ജനവും അടരാടിയ മുന്നണികളും സ്ഥാനാർഥികളുമെല്ലാം കൂട്ടിയും കിഴിച്ചും രണ്ടാഴ്ച കഴിച്ചുകൂട്ടി. വിജയിക്കുമെന്നതിൽ ആർക്കുമില്ല സന്ദേഹം. ഒട്ടിക്കാൻ നൽകിയ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ് ചില സ്ഥാനാർഥികൾക്ക് സ്വന്തം കൂട്ടർതന്നെ പാരപണിത വിവാദങ്ങളിൽ പാർട്ടിതല അന്വേഷണങ്ങൾ നടക്കുന്നു. കൊട്ടിക്കലാശം നിരോധിച്ചിട്ടും റോഡ് ഷോ നടത്തി അതിനപ്പുറത്തേക്ക് പോയ പാർട്ടികൾക്ക് വിജയത്തിെൻറ ആഹ്ലാദ-ആവേശങ്ങൾ നിയന്ത്രിക്കേണ്ടി വരും.
വോെട്ടണ്ണലിന് സർവ സജ്ജീകരണങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിട്ടുണ്ട്. വോെട്ടണ്ണലിന് പഴയ വേഗം ഇക്കുറി ഉണ്ടാകില്ല. നാല് ലക്ഷത്തോളം തപാൽ വോട്ടുകൾ കൂടുതലുണ്ട്. അത് എണ്ണിത്തീർക്കാൻ കൂടുതൽ സമയം വേണം. രാവിലെ എട്ടിന് എണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാകും എണ്ണുക. എട്ടരക്ക് യന്ത്രങ്ങളിലെ വോട്ടുകളും.
വോെട്ടണ്ണലിെൻറ എല്ലാ പ്രവർത്തനങ്ങളിലും സാമൂഹികഅകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കും. നിലവിൽ ഒരു നിയമസഭ മണ്ഡലത്തിന് 14 എണ്ണൽ മേശകളാണ് ഉണ്ടായിരുന്നത്. ഇതിൽ മാറ്റം വരും. പരമാവധി ഏഴ് ടേബിളുകൾ വരെ മാത്രമേ ഒരു ഹാളിൽ ഉണ്ടാകൂ. എന്നാൽ, ഹാളുകളുടെ എണ്ണം കൂട്ടും. രണ്ടോ അതിലധികമോ ഹാളുകൾ വോെട്ടണ്ണാൻ സജ്ജീകരിക്കും. അധികമായി അസി. റിേട്ടണിങ് ഒാഫിസർമാരെ നിയോഗിക്കും. യന്ത്രങ്ങൾ അണുമുക്തമാക്കും. ഫലം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.
സ്ഥാനാർഥികളുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകൾ തുറക്കുക. നടപടികൾ വിഡിയോയിൽ പകർത്തും. ലീഡ് നില കമീഷൻ അപ്പപ്പോൾ ജനങ്ങളെ അറിയിക്കും. അഞ്ച് പോളിങ് സ്റ്റേഷനുകളുടെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. സംസ്ഥാനത്ത് 2.74 കോടി പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ 2.03 കോടി (20327893) പേർ വോട്ട് ചെയ്തു. 74.06 ശതമാനമാണ് പോളിങ്. ഇരട്ടവോട്ട് വിവാദം, കോവിഡ് അടക്കം കാരണങ്ങളാണ് ഇക്കുറി പോളിങ് ശതമാനം കുറയാൻ കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.