തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്‍റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചിട്ടുള്ളൂ. അതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കൊണ്ടാണ്. താൻ പറയുമ്പോൾ അതിന്‍റെ വസ്തുത മനസിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തോട് പറഞ്ഞു.
“ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞുപോയതിനാൽ സംസ്ഥാന സർക്കാർ രാജിവെക്കണം എന്നു പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല. കോൺഗ്രസിനകത്തെ സംഘടനാ പ്രശ്നം കൊണ്ടാണ്. അതിനെ ഉദാഹരണമാക്കി സംസ്ഥാന സർക്കാറിന്‍റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട എന്നാണ് പറയാനുള്ളത്.
രാജ്യത്ത് ബി.ജെ.പിയുണ്ടാക്കിയ ഭീതിജനകമായ അന്തരീക്ഷത്തിന്‍റെ സാഹചര്യത്തിൽ ഇനിയും ഇവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്ന ധാരാളം പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. അവർക്ക് ഇടതുപക്ഷത്തോട് ഒരു വിരോധവുമില്ലെന്ന കാര്യം ആദ്യം മനസിലാക്കണം. ഇടതുപക്ഷ വിരോധത്തിന്‍റെ ഭാഗമായി അവർ ഇവിടെ നിലപാട് സ്വീകരിക്കുകയല്ല. പാർലമെന്‍റിലേക്ക് കോൺഗ്രസ് ജയിക്കുന്നതാണ് നല്ലതെന്ന് അവർ ചിന്തിക്കുന്നു. എന്നാൽ നിങ്ങളത് ഞങ്ങൾക്ക് എതിരെയുള്ള വികാരമാണെന്ന് ചിന്തിക്കുന്നു” -മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന വാദത്തിനു വിരുദ്ധമായാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിപക്ഷം അഹങ്കരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.