തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അഗ്നിപരീക്ഷ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നിർണായകം. ഡീൽ വിവാദത്തിൽ തുടങ്ങി സ്ഥാനാർഥി നിർണയം, പത്രിക തള്ളൽ, ഫണ്ട് തിരിമറി തുടങ്ങിയവയിലൂടെ കുഴൽപണ വിവാദത്തിൽ എത്തിനിൽക്കുന്ന പാർട്ടിയുടെ ഭാവി തന്നെ ഇൗ ഫലത്തിലാകും.
നേമം നിലനിർത്തി മറ്റൊരു മണ്ഡലം കൂടിയെങ്കിലും പിടിച്ചില്ലെങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാവും. നേമം നിലനിർത്താൻ കാര്യമായ ശ്രമം ബി.ജെ.പി ഭാഗത്തുനിന്നുണ്ടായില്ലെന്നും ആർ.എസ്.എസ് മുൻകൈയെടുത്താണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നും ആക്ഷേപമുണ്ട്. നേമത്ത് ജയിച്ചില്ലെങ്കിൽ അതും സംസ്ഥാന നേതൃത്വത്തിന് നേരെയുള്ള ആയുധമാകും.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചതിനെതിരെ പാർട്ടിയിൽ പ്രതിഷേധമുണ്ട്. ഒരിടത്തെങ്കിലും ജയിച്ചില്ലെങ്കിൽ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിലേക്ക് വീണ്ടും കാര്യങ്ങൾ പോകും. പാർട്ടി നേതാവ് ആർ. ബാലശങ്കർ ഉയർത്തിവിട്ട ഡീൽ വിവാദത്തിനും നേതൃത്വം മറുപടി നൽകേണ്ടിവരും.
ബി.ഡി.ജെ.എസും സി.കെ. ജാനുവും മത്സരിച്ച മണ്ഡലങ്ങളിൽ ബി.ജെ.പി സഹകരണമുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ പത്രിക തള്ളിപ്പോയതും ബി.ജെ.പി വോട്ട് എങ്ങോട്ട് പോയി എന്നതും ചൂടേറിയ ചർച്ചയാവും.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറമെ. സാധ്യതയുള്ള മണ്ഡലങ്ങളിൽ ഇഷ്ടക്കാരെ സ്ഥാനാർഥിയാക്കിയെന്നും ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകുന്നത് തടയാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടത്ത് ശോഭയുടെ പ്രകടനത്തിെൻറ ഉത്തരവാദിത്തവും നേതൃത്വം ഏൽക്കേണ്ടിവരും. അതുപോലെയാണ് പാലക്കാട് ഇ. ശ്രീധരെൻറയും തൃശൂരിൽ സുരേഷ് ഗോപിയുടെയും സ്ഥാനാർഥിത്വം.
മുെമ്പങ്ങുമില്ലാതെ ദേശീയനേതാക്കൾ ഒന്നടങ്കമെത്തുകയും പണം വാരിയെറിഞ്ഞ് പ്രചാരണം നടത്തുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. അതിെൻറ ഫലം ഉണ്ടായില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കേണ്ടിയുംവരും.
പത്ത് സീറ്റിൽ ജയിക്കാൻ കഴിയുമെന്നാണ് കോർ കമ്മിറ്റി വിലയിരുത്തലെങ്കിലും മൂന്ന് മുതൽ അഞ്ച് സീറ്റ് പാർട്ടി ഉറച്ച് പ്രതീക്ഷിക്കുന്നു. മറിച്ചാണ് ഫലമെങ്കിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.