തെരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവ് -വി.ഡി. സതീശൻ; ‘മൂന്ന് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചു’
text_fieldsതിരുവനന്തപുരം: സ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയെന്നും ഇത്, അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്തനായി. 13 ല്‍ നിന്നും 17 ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി.
പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. എല്‍.ഡി.എഫില്‍ നിന്ന് ഒൻപത് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തി.
മലപ്പുറം ജില്ല പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാര്‍ഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടത്തും യു.ഡി.എഫ് വിജയിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യു.ഡി.എഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണ്. യു.ഡി.എഫ് വിജയത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി വി.ഡി. സതീശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.