തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി.
ഇരു മുന്നണികളുടെയും വർഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു. കേന്ദ്രസർക്കാരിനും മോദിക്കുമെതിരായ എതിർ രാഷ്ട്രീയ പാർട്ടികളുടെ കുപ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എൻ.ഡി.എയുടെ വിജയം തടസപ്പെടുത്താൻ വലിയ ശ്രമമുണ്ടായി. ജയ സാധ്യതയുള്ള ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ നടന്ന വ്യക്തിഹത്യക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നുണപ്രചരണങ്ങൾ ജനം ഏറ്റെടുത്തില്ല. ബി.ജെ.പിക്ക് മേൽക്കൈയുള്ള രാഷ്ട്രീയം സംസ്ഥാനത്ത് രൂപപ്പെട്ടു. ഫലം വരുന്നതോടെ കോൺഗ്രസിന് അടിതെറ്റും.
സി.പി.എം സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് സീതാറാം യെച്ചൂരിക്കോ എം.വി ഗോവിന്ദനോ അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് മുഖ്യമന്ത്രിയെ സ്പോൺസർ ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയണം. വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സി.പി.എമ്മും വലിയ വർഗീയ പ്രചരണമാണ് നടത്തിയത്. എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള പ്രചരമാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ പാർട്ടിയാകുമെന്ന് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. 400 സീറ്റ് നേടി മൂന്നാം തവണയും മോദി രാജ്യം ഭരിക്കും. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. മൂന്നാമത്തെ ശക്തിയായി എൻ.ഡി.എ കേരളത്തിൽ മാറിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.