കോഴിക്കോട് ജില്ലയിൽ വനിതകളിൽ അങ്കത്തിന് ആരൊക്കെ?
text_fieldsകോഴിക്കോട്: തെരഞ്ഞെുടപ്പ് ചർച്ച തുടങ്ങിയിട്ടും സ്ഥാനാർഥി പരിഗണനകളിൽ വനിതകളുടെ പേര് കാര്യമായി ഉയരുന്നില്ല. ഇതോടെ മുൻ വർഷങ്ങളിലെ പോലെ ഒന്നോ രണ്ടോ വനിതകൾ മാത്രമാവും കോഴിക്കോട്ടുനിന്ന് തെരഞ്ഞെടുപ്പ് കളത്തിലുണ്ടാവുകയെന്നുറപ്പായി. ഇനി ആരുമില്ലെങ്കിലും അതിശയപ്പെടേണ്ടതില്ലെന്നാണ് മൂന്ന് മുന്നണികളുടെയും ജില്ല നേതൃത്വങ്ങൾ നൽകുന്ന സൂചന.
ആകെയുള്ള 13 സീറ്റ് പങ്കിടുന്നതോടെ ആവശ്യമായതിെൻറ പകുതിസീറ്റുപോലും ഓരോ പാർട്ടിക്കും കിട്ടുന്നില്ല. സ്ഥാനാർഥി കുപ്പായം തുന്നി നടക്കുന്ന പല നേതാക്കളും സീറ്റുറപ്പില്ല. ഈ അവസ്ഥയിൽ വനിതകളെ പരിഗണിക്കൽ പ്രയാസമാെണന്നും സംസ്ഥാന തല ധാരണയുെട ഭാഗമായി മാത്രമേ സീറ്റ് അനുവദിക്കൂ എന്നുമാണ് ഇവരുടെ പക്ഷം.
കഴിഞ്ഞ തവണ മൂന്നുമുന്നണികളിൽ എൽ.ഡി.എഫ് മാത്രമാണ് വനിതക്ക് സീറ്റ് നൽകിയത്. കുറ്റ്യാടിയിൽ സി.പി.എമ്മിലെ കെ.കെ. ലതികയെ രംഗത്തിറക്കിയെങ്കിലും മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ലയോടിവർ പരാജയപ്പെട്ടു. ആർ.എം.പി.ഐ സ്ഥാനാർഥിയായി കെ.കെ. രമ വടകരയിലും മത്സരിച്ചിരുന്നു.
വനിതകൾക്ക് അവസരം ലഭിച്ചാൽ എൽ.ഡി.എഫിൽനിന്ന് ഇത്തവണ മുൻ എം.പിയും ജനാധിപത്യ മഹിള അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വ. പി. സതീദേവിയുടെ പേരിനാണ് മുൻതൂക്കം. സി.പി.എം ജില്ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കാനത്തിൽ ജമീല, മുൻ എം.എൽ.എ കെ.കെ. ലതിക എന്നിവരെയും പരിഗണിച്ചേക്കാം. യു.ഡി.എഫിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന് സീറ്റ് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.
യൂത്ത് കോൺഗ്രസ് കർണാടകയുടെയും ലക്ഷ്യദ്വീപിെൻറയും ചുമതല വഹിക്കുന്ന ഇവർ രണ്ടുതവണ കോർപറേഷൻ കൗൺസിലറായിരുന്നു. കെ.പി.സി.സി സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ പി. ഉഷാദേവിയും സീറ്റുലഭിക്കുമെന്ന പ്രതീക്ഷ പുലർത്തുന്നവരാണ്. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് എന്ന നിലക്കുള്ള പരിഗണനയാണ് ഇവർ പ്രതീക്ഷിക്കുന്നത്.
എൻ.ഡി.എ വനിതകൾക്ക് അവസരം നൽകിയാൽ ആദ്യ പരിഗണന കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസിനാണ്. കാരപ്പറമ്പ് ഡിവിഷനിൽനിന്ന് 400ലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ വീണ്ടും ജയിച്ച ഇവർ ബി.ജെ.പി ജില്ല സെക്രട്ടറി കൂടിയാണ്. എൻ.ഡി.എ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ ഇവരെ വിജയ പ്രതീക്ഷ പുലർത്തുന്ന കോഴിക്കോട് നോർത്തിൽ മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്.
ജില്ലയിൽ അഞ്ച് സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആർ.എം.പി.ഐ വനിതയെ പരിഗണിച്ചാൽ അത് കെ.കെ. രമയായിരിക്കും. സംസ്ഥാന സെക്രട്ടറി എൻ. വേണുവല്ലെങ്കിൽ വടകരയിൽ കെ.കെ. രമയെ ആർ.എം.പി.ഐ രംഗത്തിറക്കും. മുസ്ലിം ലീഗ് ജില്ലയിൽ വനിതകളെ പരിഗണിച്ചാൽ വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി. കുൽസു എന്നിവർക്കാണ് സാധ്യത. മറ്റു പാർട്ടികളൊന്നും വനിതകളെ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.