തെരഞ്ഞെടുപ്പ്: കർഷകരെ മറന്ന് രാഷ്ട്രീയ പാർട്ടികൾ
text_fieldsകോട്ടയം: ഉൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളും ഇക്കുറി തെരഞ്ഞെടുപ്പിൽ ചർച്ചയാകാത്തതിൽ മലയോര ജനത അമർഷത്തിൽ.
മുമ്പ് റബറിെൻറയും ഏലം-കാപ്പി-തേയിലയടക്കം വിവിധ ഉൽപന്നങ്ങളുടെയും വിലയിടിവായിരുന്നു മധ്യകേരളത്തിലെയും മലയോര-കുടിയേറ്റ മേഖലകളിലെയും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെങ്കിൽ ഇത്തവണ മിക്ക രാഷ്ട്രീയ പാർട്ടികളും കർഷകരെയും കാർഷിക മേഖലയെയും കൈവിട്ടുവെന്ന് വ്യക്തം.
പ്രചാരണരംഗത്ത് ഇത്തരം വിഷയങ്ങൾ ഇതേവരെ ആരും ഉന്നയിച്ചിട്ടില്ലെന്ന് കർഷകരും വിവിധ സംഘടനകളും ആരോപിക്കുന്നു. റബർ വില നാലുകൊല്ലത്തിനിടയിലെ ഉയർന്ന നിരക്കായ 165 രൂപയിലെത്തിയതോടെ റബറിനെയും രാഷ്ട്രീയ പാർട്ടികൾ പൂർണമായും മറന്നതായാണ് ആരോപണം.
കേന്ദ്രത്തിൽ സമ്മർദം ചെലുത്തി വില സ്ഥിരത ഉറപ്പുവരുത്താനുള്ള നടപടികളൊന്നുംതന്നെ നാളിതുവരെ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. റബറിന് സംസ്ഥാന സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചുവെന്നതുമാത്രമാണ് ഇതിനൊരപവാദം.
റബർ ബോർഡിെൻറ ബജറ്റ് വിഹിതം ഇത്തവണയും കേന്ദ്രം വെട്ടിക്കുറച്ചതും ചർച്ചയായിട്ടില്ല. 222 കോടിയിൽനിന്ന് 190 കോടിയായാണ് വിഹിതം കുറച്ചത്. മുൻ വർഷങ്ങളിലും വെട്ടിക്കുറവ് വരുത്തിയിരുന്നു. പിന്നീട് അനുവദിച്ച വിഹിതവും കുറച്ചു.
ഇത് റബർ ബോർഡിനെയും പ്രതിസന്ധിയിലാക്കി. ആവർത്തനകൃഷി-പുതുകൃഷി സബ്സിഡികളും നിലച്ചു. ഏലത്തിന് 3500 രൂപവരെ വിലയെത്തിയെങ്കിലും ഇപ്പോൾ 1600-1700 രൂപയായി കുറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളെല്ലാം വിലയിടിവിലാണ്. കുരുമുളക്-മഞ്ഞൾ, ഇഞ്ചി, ചുക്ക്, ഗ്രാമ്പൂ, ജാതി എന്നിവക്ക് 40-50 ശതമാനം വരെ വിലയിടിഞ്ഞിട്ടും പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറായിട്ടില്ല.
സ്പൈസസ് ബോർഡും ഏലം-കോഫി ബോർഡുകളും നോക്കുകുത്തിയായി. മലയോര കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ തുടരുകയാണ്. ഫലത്തിൽ മലയോര കർഷകർ കടുത്ത ദുരിതം പേറുകയാണെന്നാണ് റിപ്പോർട്ട്. അടച്ചിട്ട തോട്ടങ്ങളൊന്നും തുറക്കാൻ നടപടിയായില്ല. പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികൾ അർധപട്ടിണിയിലാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ സ്വാധീനമുള്ള കേരള കോൺഗ്രസുകളും കർഷക വിഷയങ്ങൾ ഗൗരവമായി ചർച്ചചെയ്യുന്നില്ലെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി.
മലയോര മേഖലയിലെ പ്രശ്നങ്ങളോട് മുഖംതിരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഇൻഫാം അടക്കമുള്ള സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.