ഇലക്ടറൽ ബോണ്ട്: സതീശൻ തെളിവ് കാണിക്കട്ടെ - എം.വി. ഗോവിന്ദൻ
text_fieldsകൊല്ലം: ഇലക്ടറൽ ബോണ്ട് വഴി സി.പി.എം പണം വാങ്ങിയെന്നതിന് തെളിവ് കാണിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇലക്ടറൽ ബോണ്ടിനുവേണ്ടി രജിസ്റ്റർ പോലും ചെയ്യാത്ത പാർട്ടികളാണ് സി.പി.എമ്മും സി.പി.ഐയും.
തങ്ങൾക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കിട്ടി എന്ന് വി.ഡി. സതീശൻ പറയുന്നതിന് തെളിവ് കൊണ്ടുവരട്ടെ. കൊണ്ടുവന്നാൽ സതീശൻ പറയുന്നത്, എന്തു കാര്യമായാലും ചെയ്യാം. - കൊല്ലം പ്രസ് ക്ലബിൽ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
കുത്തക മുതലാളിമാരുടെ ചെലവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയും കോൺഗ്രസും. സി.പി.എം ജനങ്ങളുടെ ചെലവിൽ, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ ബി.ജെ.പി വിവസ്ത്രരായി. അതിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് തനി ആർ.എസ്.എസുകാരന്റേതാണ്. പ്രധാനമന്ത്രിയെക്കുറിച്ച് പറയാൻ പാടില്ലാത്തതാണെങ്കിലും ചീപ്പാണ് മോദിയുടെ പ്രവർത്തനങ്ങളും നിലപാടുകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗസ് അശ്ലീലമെന്നൊരു പുതിയ ശാഖ കണ്ടെത്തിയിരിക്കുകയാണെന്ന് വടകരയിൽ കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് എം.വി. ഗോവിന്ദൻ പറഞ്ഞു. അശ്ലീല പ്രചാരണത്തിന് വി.ഡി. സതീശനുൾപ്പെടെ പിന്തുണ നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിൽ എന്തുകൊണ്ട് അടയ്ക്കുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ അപക്വമായ ചോദ്യം ഇൻഡ്യ മുന്നണിയെതന്നെ പിറകിൽനിന്ന് കുത്തുന്ന നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.