ഇലക്ടറൽ ബോണ്ട്: സുപ്രീംകോടതിയുടേത് ധീരമായ തീരുമാനം –ഐ.എൻ.എൽ
text_fieldsകോഴിക്കോട്: മോദി സർക്കാർ 2018ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായക വഴിത്തിരിവാണെന്നും ജനാധിപത്യ പ്രകൃയ ശുദ്ധീകരിക്കുന്നതിൽ ധീരമായ ഈ തീർപ്പ് സുപ്രധാന പങ്കുവഹിക്കുമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ആരിൽനിന്നൊക്കെ സംഭാവന സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തേണ്ടതില്ലാത്തതിനാൽ ഇലക്ടറൽ ബോണ്ട് പദ്ധതി രാഷ്ട്രീയ അഴിമതിയുടെ കൂത്തരങ്ങാവുമെന്ന് ഇടതു പാർട്ടികൾ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം സംഭാവനകളിലൂടെ കോർപറേറ്റ് ഭീമന്മാർ രാഷ്ട്രീയ പാർട്ടികളിൽ ദുഃസ്വാധീനം സ്ഥാപിക്കുമെന്ന ജനാധിപത്യ പോരാളികളുടെ ആശങ്കയാണ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേൽ കരിമ്പടം പുതപ്പിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ കുൽസിത ശ്രമങ്ങളെയാണ് പരമോന്നത നീതിപീഠം പരാജയപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 13,000 കോടി രൂപയാണെന്നും അതിന്റെ 90 ശതമാനവും ബി.ജെ.പിയാണ് സ്വീകരിച്ചതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും മേച്ഛമായ ഒരു വ്യവസ്ഥക്ക് അറുതി വരുത്താൻ നീതിപീഠം കാണിച്ച ആർജവം തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സുതാര്യമാക്കുകയും വലിയൊരു അഴിമതിയുടെ കവാടങ്ങൾ കൊട്ടിയടക്കുകയും ചെയ്യും. ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സി.പി.എം ജനാധിപത്യവിശ്വാസികളുടെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.