കാറിടുന്നിടത്ത് വൈദ്യുതി ചാർജിങ്; സൈപ്ല കോഡ് കരട് ഭേദഗതിയിൽ നിർദേശം
text_fieldsപാലക്കാട്: ഫ്ലാറ്റുകളിലും കെട്ടിട സമുച്ചയങ്ങളിലും വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയേകി കേരള സൈപ്ല കോഡ് കരട് ഭേദഗതി. മൊബൈൽ ആപ്പ് സഹായത്തിൽ റസിഡൻസ് അസോസിയേഷനുകൾ മുഖേന ഉപഭോക്താക്കൾക്ക് കാർ പാർക്ക് ചെയ്യുന്നിടത്തേക്ക് പൊതുമീറ്റർ വെച്ച് വൈദ്യുതി ചാർജിങിന് സൗകര്യമുണ്ടാകുമെന്ന് ഭേദഗതിയിൽ പറയുന്നു. നേരത്തെ ട്രാൻസ്ഫോർമർ ഘടിപ്പിക്കുന്നതുൾപ്പെടെ ചാർജിങ് അനുമതിയുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഗാർഹിക ചാർജിങ് സാധ്യമാവുമെങ്കിലും ഫ്ലാറ്റുകളും റസിഡൻഷ്യൽ മേഖലകളും ഏറെ ബുദ്ധിമുട്ടി. വിഷയം നിയമനടപടികളിലേക്കുമെത്തി. ബഹുനില മന്ദിരങ്ങളിൽ താഴെ മീറ്റർ ഘടിപ്പിച്ചവർക്ക് അവരുടെ മീറ്ററിൽ നിന്ന്തന്നെ ചാർജിങ് സാധ്യമാകും. മുകൾ നിലയിൽ മീറ്റർ ഘടിപ്പിച്ചവർക്ക് കെട്ടിടത്തിലെ പൊതുമീറ്റർ വഴി മാത്രമേ ഉപയോഗപ്പെടുത്താനാകൂ. ഫാസ്റ്റ് ചാർജിങിനും പൊതുമീറ്റർ വഴി മാത്രമേ പാടൂവെന്നും നിർദേശമുണ്ട്.
സിംഗിൾ ഫേസ് കണക്ഷനിൽ ഇ.വി ചാർജർ ശേഷി 3.3 കിലോ വാട്ടിൽ കൂടാൻ പാടില്ല. ശേഷി കൂടുതൽ ആവശ്യമെങ്കിൽ ത്രി ഫേസ് കണക്ഷൻ വേണം. തറനിരപ്പിൽ നിന്ന് 800 മില്ലി മീറ്ററെങ്കിലും ഉയരെയാകണം ചാർജിങ് പോയന്റ് സോക്കറ്റ്.
ചാർജിങ് പോയന്റും വൈദ്യുതി കണക്ഷൻ പോയന്റുമായി അഞ്ച് മീറ്റർ കൂടുതൽ അകലം പാടില്ല, വൈകീട്ട് ആറ് മുതൽ രാത്രി 11വരെ ചാർജിങ് പാടില്ല തുടങ്ങിയ പൊതുനിർദേശങ്ങളുമുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഇ.വി ചാർജിങ്ങിന് എട്ട് കിലോവാട്ട് ശേഷി വരെ അനുവദിക്കും. ഈ ഉപയോഗം ആകെ അനുവദിച്ച വൈദ്യുത ലോഡിന്റെ 80 ശതമാനത്തിൽ കൂടുതലായാൽ അനുവദിച്ച ശേഷി ഉയർത്തേണ്ടിവരുമെന്നും കരട് രേഖയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.