വൈദ്യുതാഘാതം: സംസ്ഥാനത്ത് എട്ടു വർഷത്തിനിടെ മരിച്ചത് 856 പേർ
text_fieldsമലപ്പുറം: സംസ്ഥാനത്ത് എട്ടു വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത് 856 പേർ. വൈദ്യുതി വകുപ്പിന്റെ 2016 മുതൽ 2023 വരെയുള്ള കണക്കുപ്രകാരമാണിത്. 2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. 159 പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇതിൽ 140 പേർ പൊതുജനങ്ങളും ഒമ്പതുപേർ കെ.എസ്.ഇ.ബിയിലെ സ്ഥിരം ജീവനക്കാരും 10 പേർ കരാർ ജീവനക്കാരുമാണ്.
ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയത് 2023ലാണ്. 23 മരണങ്ങളാണ് ആകെയുണ്ടായത്. ഇതിൽ 21 പേർ പൊതുജനങ്ങളും രണ്ടുപേർ കെ.എസ്.ഇ.ബിയിലെ സ്ഥിരം ജീവനക്കാരുമാണ്. 2017ൽ 127 പേർ, 2018ൽ 148, 2019ൽ 115, 2020ൽ 116, 2021ൽ 99, 2022ൽ 69 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകൾ. എട്ടുവർഷത്തിനിടെ 727 പൊതുജനങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. കെ.എസ്.ഇ.ബിയിലെ 54 സ്ഥിരം ജീവനക്കാരും 75 കരാർ ജീവനക്കാരും മരിച്ചു.
2020ലാണ് ഏറ്റവും കൂടുതൽ സ്ഥിരം ജീവനക്കാർ മരിച്ചത് -10 പേർ. സ്ഥിരം ജീവനക്കാരുടെ ഗണത്തിൽ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയത് 2023ലാണ് -രണ്ടുപേർ. 2016ൽ ഒമ്പത്, 2017ൽ എട്ട്, 2018ൽ എട്ട്, 2019ൽ ആറ്, 2021ൽ ഏഴ്, 2022ൽ നാല് എന്നിങ്ങനെയാണ് സ്ഥിരം ജീവനക്കാർ മരിച്ചത്. കരാർ ജീവനക്കാരുടെ ഗണത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് 2021ലാണ് - 16 പേർ. ഏറ്റവും കുറവ് 2022ൽ -ആറുപേർ. 2016ൽ 10, 2017ൽ 12, 2018ൽ ഒമ്പത്, 2019ൽ 10, 2020ൽ 10 പേർ എന്നിങ്ങനെയാണ് കരാർ ജീവനക്കാർ മരിച്ചത്. 2023ൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുജനങ്ങളുടെ ഗണത്തിൽ 2016ലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 140 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്തത് 2023ലാണ്. 21 മരണങ്ങളാണ് ആകെയുണ്ടായത്. 2017ൽ 107, 2018ൽ 131, 2019ൽ 99, 2020ൽ 94, 2021ൽ 76, 2022ൽ 59 എന്നിങ്ങനെയാണ് പൊതുജനങ്ങളുടെ വിഭാഗത്തിലുണ്ടായത്.
പരിക്കേറ്റത് 481 പേർക്ക്
മലപ്പുറം: സംസ്ഥാനത്ത് എട്ടു വർഷത്തിനിടെ വൈദ്യുതാഘാതംമൂലം പരിക്കേറ്റത് 481 പേർക്ക്. ഇതിൽ 395 പേർക്ക് നിസ്സാര പരിക്കുകളും 86 പേർക്ക് ഗുരുതര പരിക്കുമാണ് രേഖപ്പെടുത്തിയത്. 2020ലാണ് ഏറ്റവും കൂടുതൽ പരിക്ക് റിപ്പോർട്ട് ചെയ്തത്. 80 പേർക്കാണ് പരിക്കേറ്റത്. 2023ലാണ് ഏറ്റവും കുറവ് പരിക്ക് റിപ്പോർട്ട് ചെയ്തത്. 12 പേർക്കാണ് ആഘാതത്തിൽ പരിക്കേറ്റത്.
2016ൽ 59, 2017ൽ 65, 2018ൽ 71, 2019ൽ 63, 2021ൽ 63, 2022ൽ 68 എന്നിങ്ങനെയാണ് പരിക്കേറ്റത്. കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരുടെ ഗണത്തിൽ 193 പേർക്കും കെ.എസ്.ഇ.ബി കരാർ ജീവനക്കാരുടെ ഗണത്തിൽ 59 പേർക്കും പൊതുജനങ്ങളുടെ വിഭാഗത്തിൽ 229 പേർക്കുമാണ് പരിക്കേറ്റത്. സ്ഥിരം ജീവനക്കാരുടെ ഗണത്തിൽ 137 പേർക്ക് നിസ്സാര പരിക്കും 56 പേർക്ക് ഗുരുതര പരിക്കുമുണ്ട്. കരാർ ജീവനക്കാരുടെ ഗണത്തിൽ 46 പേർക്ക് നിസ്സാര പരിക്കും 13 പേർക്ക് ഗുരുതര പരിക്കും റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങളിൽ 212 പേർക്ക് നിസ്സാര പരിക്കും 17 പേർക്ക് ഗുരുതര പരിക്കുമാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.