വൈദ്യുതി സ്മാർട്ട് മീറ്റർ ഏപ്രിൽ മുതൽ; ചെറുകിട-വൻകിട വ്യവസായ ശാലകളിൽ ആദ്യഘട്ടം
text_fieldsതൃശൂർ: വൈദ്യുതി വിതരണ രംഗത്തെ സ്വകാര്യവത്കരണ നടപടിയുടെ ഭാഗമാണെന്ന് ആക്ഷേപമുയർന്ന സ്മാർട്ട് മീറ്റർ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. ആദ്യഘട്ടത്തിൽ െചറുകിട -വൻകിട വ്യവസായിക ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുക.
മീറ്റർ വാങ്ങുന്നതും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതുമുൾപ്പെടെ 3000 കോടി രൂപയുടെ വിശദപദ്ധതി കെ.എസ്.ഇ.ബി തയാറാക്കി കേന്ദ്രസർക്കാറിന് സമർപ്പിക്കാനൊരുങ്ങുകയാണ്. മുൻകൂറായി പണം നൽകി കാർഡ് വാങ്ങി റീചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് സ്മാർട്ട് മീറ്റർ പദ്ധതി. വിതരണ രംഗത്ത് കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പു നൽകുന്നതാണ് പദ്ധതിയെന്ന് അവകാശെപ്പടുന്നുണ്ടെങ്കിലും വിതരണ മേഖലയെ സ്വകാര്യമുതലാളിമാർക്കും കോർപറേറ്റുകൾക്കും തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിെൻറ ഭാഗമായുള്ള നടപടിയാണിതെന്നാണ് വിമർശനം.
അതേസമയം, കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള റേറ്റിങ്ങിൽ മുൻനിരയിലെത്താനുള്ള നടപടിയെന്ന നിലയിൽ കേന്ദ്രസർക്കാറിെൻറ നിരന്തര സമ്മർദത്തെത്തുടർന്നാണ് നടപടിയെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. മീറ്റർ റീഡറായി എഴുപതോളം സ്ഥിരം ജീവനക്കാർ മാത്രമാണ് ബോർഡിലുള്ളത്. ബാക്കി മൂവായിരത്തോളം കരാർ തൊഴിലാളികളാണ്.
സ്മാർട്ട് മീറ്ററും തസ്തിക വെട്ടിക്കുറക്കാനുള്ള സ്പെഷൽ റൂൾസും വരുന്നതോടെ സെക്ഷൻ ഓഫിസുകളിലെ മീറ്റർ റീഡർ, കാഷ്യർ, സീനിയർ അസിസ്റ്റൻറ്, സീനിയർ സൂപ്രണ്ട്, റവന്യൂ ഓവർസിയർ, ഒരു വിഭാഗം ലൈൻമാൻ -വർക്കർ തസ്തികകൾ ഉൾക്കൊള്ളുന്ന റവന്യൂ വിഭാഗം ഇല്ലാതാകുമെന്ന് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെഡേറഷൻ (കെ.കെ.ടി.എഫ്) ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇതോടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് ജോലിയിൽനിന്ന് പുറത്താകുക. പദ്ധതിക്കെതിെര കെ.കെ.ടി.എഫ് പ്രക്ഷോഭപരിപാടികൾ നടത്തുന്നുണ്ട്.2022 ഏപ്രിൽ ഒന്നിന് തുടങ്ങി 2025 മാർച്ച് 31ന് പൂർത്തിയാകും വിധം മൂന്നുവർഷ സമയമാണ് പദ്ധതി പൂർത്തീകരണത്തിന് നിശ്ചയിച്ചിട്ടുള്ളത്.
ഒന്നേകാൽ കോടി ഉപഭോക്താക്കളുടെ വൈദ്യുതി മീറ്റർ മാറ്റുകയെന്നത് എളുപ്പമല്ല. അതിനാൽ, ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ബോർഡ് തീരുമാനം. വലിയ കുടിശ്ശികയുള്ള സർക്കാർ ഓഫിസുകളിലും ചെറുകിട -വൻകിട വ്യവസായശാലകളിലുമാണ് സ്മാർട്ട് മീറ്ററുകൾ ആദ്യഘട്ടത്തിൽ വെക്കുക. കൂടിയ വൈദ്യുതി ഉപയോഗിക്കുന്നവരിൽ അടുത്ത ഘട്ടം നടപ്പാക്കും. അവസാന ഘട്ടത്തിലാണ് സാധാരണ ഉപഭോക്താക്കളിൽ നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.