അറിവില്ലാതെയും ഉപഭോഗം തെറ്റിയും ബി.പി.എല്ലുകാർ; വൈദ്യുതി ആനുകൂല്യം നാമമാത്രം
text_fieldsപാലക്കാട്: 11.3 ശതമാനം ബി.പി.എല്ലുകാർ ഉള്ള കേരളത്തിൽ വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബിയുടെ ആനുകൂല്യം ലഭിക്കുന്നത് ഗാർഹിക ഉപഭോക്താക്കളിൽ 0.62 ശതമാനത്തിനു മാത്രം. സംസ്ഥാനത്ത് 19,772 ഉപഭോക്താക്കൾക്കു മാത്രമാണ് ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതെന്നാണ് വൈദ്യുതി ചാർജ് കൂട്ടാനായി കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമീഷന് മുന്നിൽ സമർപ്പിച്ച താരിഫ് പെറ്റീഷനിൽ വ്യക്തമാക്കുന്നത്. പ്രതിമാസം 25 യൂനിറ്റിൽ താഴെ ഉപഭോഗമുള്ള, വൈദ്യുതി ചാർജ് അടക്കേണ്ടാത്ത അശരണരായ 12,206 ഉപഭോക്താക്കളും കൂടി ഉൾപ്പെട്ടാൽ ആകെ 32,978 ഉപഭോക്താക്കളേ ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ പെടൂ. ഇവ ചേർത്താൽ ആകെ ഉപഭോക്താക്കളുടെ 0.62 ശതമാനം മാത്രമേ വരൂവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിലും കർണാടകയിലും ബി.പി.എൽ, എ.പി.എൽ വേർതിരിവില്ലാതെ കുറഞ്ഞ ഉപഭോഗം ഉള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോഴാണ് കേരളത്തിൽ അർഹരായ ബി.പി.എൽ വിഭാഗക്കാർക്കു പോലും ആനുകൂല്യം നഷ്ടമാകുന്നത്.
സർക്കാറിന്റെ കണക്ക് അനുസരിച്ച് 84,000ത്തിൽ കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്ന കണക്കുകൂടി കൂട്ടി വായിച്ചാലേ പേരിൽ ഒതുങ്ങിയ വൈദ്യുതി ആനുകൂല്യത്തിന്റെ അവസ്ഥ വ്യക്തമാകൂ. പുതിയ താരിഫ് പെറ്റീഷനിലും ബി.പി.എല്ലുകാരുടെ നിരക്ക് വർധിപ്പിച്ചിട്ടില്ല.
പ്രതിമാസം 40 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന, വൈദ്യുതിവാഹക ശേഷി 1000 വാട്ട്സിൽ കൂടാത്ത കുടുംബങ്ങൾക്ക് യൂനിറ്റിന് 1.50 രൂപ നിരക്കിലാണ് ആനുകൂല്യം ലഭിക്കുന്നത്.
ബി.പി.എല്ലുകാരായ അർബുദബാധിതർക്കും വികലാംഗർക്കും പ്രതിമാസം 100 യൂനിറ്റ് ആനുകൂല്യം ഉണ്ട്. പക്ഷേ, ഇവരെ ആനുകൂല്യത്തിന് അർഹമാക്കാനുള്ള മാനദണ്ഡം വ്യക്തമാക്കി ഉത്തരവിറങ്ങിയിട്ടില്ല.
കെ.എസ്.ഇ.ബി ഗുണഭോക്തൃ നമ്പർ സർക്കാറിന്റെ ബി.പി.എൽ വിവരശേഖരണവുമായി ബന്ധിപ്പിക്കാത്തതിനാൽ ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. ആനുകൂല്യത്തെക്കുറിച്ച് ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയാത്തതിനാൽ അപേക്ഷിച്ചിട്ടുമില്ല. അപേക്ഷ നൽകുന്നതിനെക്കുറിച്ചും ബി.പി.എൽ വിഭാഗത്തിൽപ്പെടുത്തുന്നതിന്റെ നടപടിക്രമം സംബന്ധിച്ചും കെ.എസ്.ഇ.ബിയോ റെഗുലേറ്ററി കമീഷനോ ചട്ടം ഇറക്കിയിട്ടില്ലെന്നും അറിയുന്നു.
രണ്ട് ഫാനും അത്യാവശ്യം ലൈറ്റുകളും ഉപയോഗിച്ചാൽതന്നെ ഉപഭോഗം 50 യൂനിറ്റിന് മുകളിൽ വരും. വീട്ടിൽ മിക്സി ഉണ്ടെങ്കിൽ ആകെ ലോഡ് 1000 വാട്ട്സിന് മുകളിൽ വരും. ആനുകൂല്യം ലഭിക്കാൻ ഇത് തടസ്സമായതിനാൽ പലരും മെനക്കെടാറില്ല. വൈദ്യുതി ആനുകൂല്യത്തിനുള്ള ഉപഭോഗപരിധി 60 യൂനിറ്റായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കൾ വൈദ്യുതി റെഗുലേറ്ററി കമീഷന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.