ഷോക്കടിപ്പിച്ച് വൈദ്യുതി ബിൽ; പ്രതിഷേധം ശക്തമാകുന്നു
text_fieldsപറവൂർ: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി ബിൽ. മുൻമാസങ്ങളെക്കാൾ രണ്ട് ഇരട്ടിയിലേറെ തുക വരുന്ന ബില്വരെ പല വീടുകളിലുമെത്തി.കടവത്ത് റോഡിലെ താമസക്കാരനും നഗരസഭ മുൻ കൗൺസിലറുമായ വിശ്വനാഥ മേനോന് 3524 രൂപയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ബില്ലായി അടച്ചത്. മാർച്ച്, ഏപ്രിൽ മാസത്തെ ബില്ലിൽ ഇത് 9355 രൂപയാണ്. കെ.എസ്.ഇ.ബിയിൽ അന്വേഷിച്ചപ്പോൾ മീറ്റർ റീഡിങ് ആണെന്നായിരുന്നു മറുപടി. എന്നാൽ, തെൻറ വീട്ടിൽ മുൻ മാസത്തെക്കാൾ കൂടുതലായി ഒരു വൈദ്യുതി ഉപകരണങ്ങളും പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് വിശ്വനാഥമേനോൻ പറയുന്നു.
മന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വി.ഐ.പി നഗറിലെ മാവേലി ഷംസുദ്ദീന് 4000 രൂപയുടെ ബിൽ തുകയാണ്. മുൻ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്. ബിൽ സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി പറയാൻപോലും തയാറാകുന്നില്ല.
കഴിഞ്ഞതവണ 2800 രൂപ അടച്ച തോന്ന്യകാവ് സ്വദേശി അജിത് ടി. പിള്ളക്ക് വന്ന ബിൽ 10,186 രൂപയാണ്. ഇതുപോലെ അനേകം വീടുകളിൽ കനത്ത വൈദ്യുതി ബിൽ എത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി ഓഫിസിൽ പരാതിയുമായി ഒട്ടേറെപ്പേർ എത്തുന്നുണ്ടെങ്കിലും വൈദ്യുതി വിച്ഛേദിക്കുമെന്ന ഭയത്താൽ പലരും ബിൽ അടക്കുകയാണ്.ആളുകൾക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് കെ.എസ്.ഇ.ബി ഇത്തരത്തിൽ ബിൽ നൽകുന്നത് പ്രതിഷേധാർഹമാണെന്നും റീഡിങ് പുനഃപരിശോധിച്ച് ബിൽ കുറക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.