അട്ടപ്പാടിയിലെ ആദിവാസി കുടുംബത്തിന് 5.59 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി കുടുംബം 5.59 ലക്ഷം രൂപ കുടിശ്ശിക അടക്കണമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി ചാർജ് അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരുമെന്നാണ് സീനിയർ സൂപ്രണ്ട് നൽകിയിരിക്കുന്ന നോട്ടീസ്. അട്ടപ്പാടി ദാസന്നൂർ ഊരിലെ രാജമ്മക്കാണ് വൈദ്യുതി ബില്ല് അടക്കാനുള്ള നോട്ടീസ് ലഭിച്ചത്.
2023 ആഗസ്റ്റ് 16 നാണ് വൈദ്യുതി ബോർഡ് നോട്ടീസ് നൽകിയത്. 2011 ഡിസംബർ ആറ് മുതൽ 2013 ഓഗസ്റ്റ് 20 വരെ വൈദ്യുതി ചാർജ് കുടിശ്ശികയെന്നാണ് രേഖപ്പെടിത്തിയിരിക്കുന്നത്. ഇതിൽ 1,99,207 രൂപ മുതൽ ഇനത്തിലാണ്. 2023 ഓഗസ്റ്റ് ഒന്നു വരെയുള്ള 18 ശതമാനം പലിശയാണ് 3,59,8 44 രൂപ. കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തുക അടച്ചാൽ പലിശയിനത്തിൽ പരമാവധി 2,61, 87 രൂപ ഇളവ് നൽകാമെന്നാണ് നോട്ടീസ്. തുക അടക്കുന്ന ദിവസം അനുസരിച്ച് പലിശ തുകയിൽ വ്യത്യാസം വരുമെന്നും നോട്ടീസിൽ രേഖപ്പെടുത്തി.
2010 ജൂലൈ 20ന് രാജമ്മയുടെ അച്ഛൻറെ അവകാശത്തിലുള്ള മൂന്നേക്കർ ഭൂമി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ പി. ജയകുമാറിനെ ( കുന്നുകഴി പുത്തായത്ത് വീട്ടിൽ) പാട്ടത്തിന് നൽകി. കരാർ പ്രകാരം ഒരു വർഷം 15,000 രൂപയായിരുന്നു പാട്ടം നൽകേണ്ടത്. പത്തുവർഷത്തെ പാട്ടത്തിലാണ് ഭൂമി നൽകിയത്. അഞ്ചുവർഷം പാട്ടത്തുക ലഭിച്ചിരുന്നു. അങ്ങനെ രാജമ്മക്ക് ആകെ ലഭിച്ചത് 75,000 രൂപയാണ്.
കരാർ പ്രകാരം ഇഷ്ടികച്ചൂള, കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഭൂമി നിയോഗിക്കുമെന്നായിരുന്നു. കരാർ കാലാവധി കഴിയുമ്പോൾ ഇഷ്ടിക ചൂളക്ക് അടക്കം കെട്ടിയ നിർമിതികൾ പൊളിച്ചുമാറ്റണം എന്നാണ് കരാറിലെ വ്യവസ്ഥ. അഞ്ചുവർഷം ഈ ഭൂമിയിൽ കൃഷിയും ഇഷ്ടിക ചൂളയും നടത്തി. പിന്നീട് കരാറെടുത്തയാൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഭൂമി പാട്ടത്തിനെടുത്ത കാലത്ത് വൈദ്യുതി ചാർജ് ഒരു രൂപ പോലും അടച്ചിരുന്നില്ല.
ഇക്കാലത്ത് വൈദ്യുതി ബോർഡ് ചാർജ് അടക്കണം എന്ന് നിർദ്ദേശിച്ചിട്ടില്ല. ഇപ്പോൾ കുടിശ്ശിക അടക്കം മുഴുവൻ തുകയും അടക്കേണ്ടത് ആദിവാസി കുടുംബമാണ്. ഭൂമി ആദിവാസികളുടെതായതിനാൽ നോട്ടീസ് വന്നിരിക്കുന്നത് ആദിവാസി കുടുംബത്തിനാണ്. രാജമ്മയുടെ കുടുംബം ഭൂമി കരാർ എടുത്ത പി. ജയകുമാറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതേസമയം, വൈദ്യുതി ബോർഡിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജയകുമാർ മാധ്യമം ഓൺലൈനോട് പറഞ്ഞത്. തുടർന്ന് സംസാരിക്കാൻ അദ്ദേഹം തയാറായതുമില്ല. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് രാമജമ്മയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.