മഴ കാത്ത് വൈദ്യുതി ബോർഡ്
text_fieldsതിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി തൽക്കാലം മറികടക്കാൻ ആലോചന തുടങ്ങി വൈദ്യുതി ബോർഡ്. ഓണം വരെ നിയന്ത്രണങ്ങൾക്ക് സാധ്യതയില്ല. പിന്നീട് നിയന്ത്രണം വേണമോ എന്ന് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. ലോഡ്ഷെഡിങ്ങോ പവർകട്ടോ ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, പുറത്തുനിന്ന് വൈദ്യുതി ലഭ്യത കുറഞ്ഞാൽ നിയന്ത്രണം അനിവാര്യമാകും. അല്ലെങ്കിൽ മഴ പെയ്ത് സംഭരണികളിൽ ജലനിരപ്പ് മെച്ചപ്പെടണം.
ലോഡ്ഷെഡിങ്, പവർ കട്ട് എന്നീ എളുപ്പം നടപ്പാക്കാവുന്ന വഴികൾ മുന്നിലുണ്ട്. ഇത് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന പ്രശ്നമുണ്ട്. അതേസമയം, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. മറ്റു സാധ്യതകളൊന്നും ഇല്ലെങ്കിൽ മാത്രമാകും നിയന്ത്രണം. നിശ്ചിത അളവിൽ കൂടുതലുള്ള വൈദ്യുതിക്ക് വിപണി വില ഈടാക്കിയ സാഹചര്യം നേരത്തേയുണ്ടായിരുന്നു. ഇതടക്കം പല സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പ്രതിസന്ധിയുടെ രൂക്ഷത കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കെ.എസ്.ഇ.ബി വകുപ്പു മന്ത്രിയെ അറിയിച്ചു. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ചത്തെ യോഗത്തിൽ സമർപ്പിക്കും. സംസ്ഥാനത്തെ വൈദ്യുതി നിലയും പുറത്തെ ലഭ്യതയും പവർ എക്സ്ചേഞ്ചിലെ സാഹചര്യവും താപവൈദ്യുതിയുടെ വിലയുമെല്ലാം വിലയിരുത്തിയാകും റിപ്പോർട്ട്.
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നിയന്ത്രണം തൽക്കാലം ഒഴിവാക്കാൻ ആലോചിക്കുന്നുണ്ട്. ഈ ബാധ്യത സർചാർജായി ഉപഭോക്താക്കളിലെത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഗുണകരമാകുമെന്ന് സർക്കാർ കരുതുന്നില്ല. സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ കൂടി അറിയിച്ച ശേഷമാകും നടപടികൾ.
റെഗുലേറ്ററി കമീഷൻ ദീർഘകാല കരാർ റദ്ദാക്കിയതിനാൽ പകരം വാങ്ങുന്നതിന് 10 കോടി രൂപ വരെ അധികബാധ്യത വരുന്നുണ്ട്. റെഗുലേറ്ററി കമീഷന്റെ ഉത്തരവ് സർക്കാറിന്റെ പ്രത്യേക അധികാരമുപയോഗിച്ച് നടപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ ആരായുന്നുണ്ട്. ദീർഘകാല കരാർ റദ്ദാക്കിയപ്പോൾ പകരം വാങ്ങാൻ 75 ദിവസത്തേക്ക് കമീഷൻ അനുമതി നൽകിയിരുന്നു. അതിന്റെ കാലാവധി തീരുന്ന സാഹചര്യത്തിൽ ബോർഡ് വീണ്ടും കമീഷനെ സമീപിച്ചേക്കും.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. നീരൊഴുക്ക് തീരെ കുറവാണ്. ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചാണ് ഇപിടിച്ചു നിൽക്കുന്നത്. സാധാരണ അണക്കെട്ടുകൾ നിറയുന്ന കാലമാണ് ആഗസ്റ്റ്. ഇക്കുറി മിക്കതും വറ്റിവരണ്ടനിലയിലാണ്. വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതും തിരിച്ചടിയായി. ഈ മാസങ്ങളിൽ വൈദ്യുതി ആവശ്യം വൻതോതിൽ വർധിച്ചു. ഇതും ബോർഡിന് അധിക സാമ്പത്തികബാധ്യതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.