തലക്കടിച്ച് വൈദ്യുതി ബോർഡ്; വീണ്ടും നിരക്കുവർധനക്ക് ശിപാർശ
text_fieldsതിരുവനന്തപുരം: നികുതി, വെള്ളക്കരം വർധനയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ തലക്കടിച്ച് വൈദ്യുതി ബോർഡും. അടുത്ത നാലുവർഷവും നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെ. വാണിജ്യ-വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാർജും വർധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം നടപ്പായ നിരക്ക് വർധനയിലും പ്രഹരം വീടുകൾക്കായിരുന്നു. കമീഷൻ അംഗീകരിച്ചാൽ ഏപ്രിലിൽ പുതിയ നിരക്ക് നിലവിൽ വരും.
ബോർഡിന്റെ അപേക്ഷയിൽ കാര്യമായ വർധന വരുന്നത് വീട്ടുവൈദ്യുതിക്കാണ്. വരുമാന വർധനക്കുള്ള സാധ്യതയായി ഫിക്സഡ് ചാർജിനെ ഉപയോഗപ്പെടുത്തുകയാണ് ബോർഡ്. എല്ലാ വർഷവും ഫിക്സഡ് ചാർജ് വർധിപ്പിക്കാനാണ് ശ്രമം. നിരക്ക് വർധനക്ക് മുകളിലാണ് ഇതും വരുക. അടുത്ത നാലു വർഷത്തേക്ക് നിരക്ക് വർധനയിലൂടെ ഈടാക്കി നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ട 2381 കോടി രൂപയിൽ 1606 കോടിയും വീട്ടുവൈദ്യുതിക്കാണ് ചുമത്തുന്നത്. വാണിജ്യ ഉപഭോക്താക്കൾക്ക് 412 കോടി വർധന വരും. വ്യവസായങ്ങൾക്ക് നാമമാത്ര വർധനയാണ് ശിപാർശ. പല വിഭാഗങ്ങളും ഇളവും നിർദേശിച്ചിട്ടുണ്ട്.
അടുത്ത വർഷം (2023-24) മാത്രം 1044.42 കോടിയുടെ വർധനയാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ 637.29 കോടി രൂപയും വീടുകളിൽനിന്നാണ്. 395.42 കോടി രൂപ നിരക്ക് വർധനയിലൂടെയും 241.87 കോടി രൂപ ഫിക്സഡ് ചാർജ് വർധനയിലൂടെയും. അതേസമയം, വാണിജ്യ ഉപഭോക്താക്കൾക്ക് 223 കോടിയുടെയും വ്യവസായങ്ങൾക്ക് 184.13 കോടിയുടെയും വർധന മാത്രമേയുള്ളൂ. വ്യവസായത്തിലെ എച്ച്.ടി ഒന്ന് ബി വിഭാഗത്തിൽ 0.43 കോടി കുറച്ചുകൊടുക്കുകും ചെയ്തു. വീട്ടുവൈദ്യുതിക്ക് ഫിക്സഡ് ചാർജിൽ വരുത്തുന്ന വർധന പ്രതിമാസ വൈദ്യുതി നിരക്കിൽ കാര്യമായി പ്രതിഫലിക്കും.
സിംഗ്ൾ ഫേസ് കണക്ഷന് 0.50 യൂനിറ്റ് വരെ മാസം ഉപയോഗിക്കുന്നവർ ഇപ്പോൾ മാസം 35 രൂപയാണ് ഫിക്സഡ് ചാർജായി നൽകേണ്ടത്. ’26-’27 ആകുമ്പോൾ ഇത് 60 രൂപയാകും. അടുത്ത നാലുവർഷത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകൾ കമീഷൻ നേരത്തേ അംഗീകരിച്ചിരുന്നു. ഇതിൽ കണ്ടെത്തിയ കമ്മി നിരക്ക് വർധനയായി ഇപ്പോഴേ പ്രാബല്യത്തിലാക്കാനാണ് ബോർഡ് നീക്കം.
ഇക്കൊല്ലമൊഴികെ വരുന്ന മൂന്നുവർഷവും തെരഞ്ഞെടുപ്പുകൾ വരുന്നതിനാൽ ആ വർഷങ്ങളിലേക്കുമുള്ള വൈദ്യുതി നിരക്ക് വർധന മുൻകൂട്ടി പ്രഖ്യാപിച്ച് ഉത്തരവാക്കാനാണ് ആലോചന. തെളിവെടുപ്പ് നടത്തിയ ശേഷമാകും റെഗുലേറ്ററി കമീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.ഇക്കൊല്ലം മാത്രം 760 കോടി ലാഭം നേടിയ ബോർഡാണ് 2381 കോടിയുടെ അധികഭാരം ജനങ്ങളിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. അധിക വൈദ്യുതി വാങ്ങുന്നതിന് ഇന്ധന സർചാർജ് ഇതിനു പുറമെയും ചുമത്തുന്നുണ്ട്.
ശിപാർശ ഇങ്ങനെ
2023-24 വർഷത്തേക്കുള്ള വീട്ടുവൈദ്യുതി നിരക്ക് വർധന ശിപാർശ. നിലവിലെ നിരക്ക് ബ്രാക്കറ്റിൽ
0-50യൂനിറ്റ് വരെ, 3.30 രൂപ, ( 3.15)
51-100, 4.10 രൂപ, (3.95)
101-150, 5.20 രൂപ, (5.00)
151-200, 6.90 രൂപ, (6.80)
0-250 (ഉപയോഗിക്കുന്ന എല്ലാ വൈദ്യുതിക്കും ഒരേ നിരക്ക്), 6.50 രൂപ, (8.00)
0-300, 6.50 രൂപ, (6.20)
0-350, 7.60 രൂപ, ( 7.00)
0-400, 7.60 രൂപ, (7.35)
0-500, 7.60 രൂപ, (7.60)
500ന് മുകളിൽ, 8.70 രൂപ, (8.50)
40 യൂനിറ്റ് വരെ ബി.പി.എല്ലുകാർക്ക് നിരക്ക് വർധനയില്ല
200 യൂനിറ്റിന് മുകളിൽ ബാധ്യത കൂടും
തിരുവനന്തപുരം: മാസം 250 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാർക്ക് ലഭിച്ചുവന്ന ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം 200 യൂനിറ്റ് വരെയായി പരിമിതപ്പെടുത്താൻ കെ.എസ്.ഇ.ബി നീക്കം. ബോർഡ് കമീഷന് നൽകിയ പുതിയ ശിപാർശയിൽ 201 യൂനിറ്റ് മുതൽ എല്ലാ യൂനിറ്റിനും ഒരേ നിരക്ക് ഈടാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
250 യൂനിറ്റ് വരെ ടെലിസ്കോപ്പിക് താരിഫാണ് നിലവിൽ. അതായത് ആദ്യ 50 യൂനിറ്റ് വരെ 3.15 രൂപ വെച്ചും 51-100ൽ 3.95 രൂപ വെച്ചും 101-150ൽ അഞ്ചു രൂപ വീതവും 151-200ൽ 6.80 രൂപ വെച്ചും 201-250ൽ എട്ട് രൂപ വീതവുമാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, 201 മുതൽ നോൺ ടെലിസ്കോപ്പിക് താരിഫ് ഏർപ്പെടുത്തുന്നതോടെ ഉപയോഗിക്കുന്ന എല്ലാ യൂനിറ്റിനും 6.50 രൂപ വീതം നൽകേണ്ടിവരും.ഇടത്തരക്കാർക്ക് വലിയ താരിഫ് ഷോക്ക് ഇതുണ്ടാക്കും. 200 യൂനിറ്റിന് തൊട്ടു മുകളിലുള്ളവർക്ക് ആദ്യ നിരക്കുകളിലെ ഇളവ് നഷ്ടമാകും.
ഫിക്സഡ് ചാർജും വർധിക്കും
തിരുവനന്തപുരം: സിംഗ്ൾ ഫേസ് കണക്ഷന് 0.50 യൂനിറ്റ് മാസം 35ൽ നിന്ന് 40 രൂപയാകും. 51-100 യൂനിറ്റ് വരെ 55ൽ നിന്ന് 80 ആയും 101-150ൽ 70ൽ നിന്ന് 90 രൂപയും 151-200ൽ 100ൽ നിന്ന് 120 രൂപയുമായും വർധിക്കും. 250 വരെയുള്ളവർക്ക് 110ൽ നിന്ന് 120 ആയും 0-300 വിഭാഗത്തിൽ 130ൽ നിന്ന് 140 ആയും 0-350 വിഭാഗത്തിൽ 150ൽ നിന്ന് 200 ആയും 0-400 വിഭാഗത്തിൽ 175ൽ നിന്ന് 200 ആയും വർധിക്കും. 0-500 വിഭാഗത്തിൽ ഫിക്സഡ് ചാർജ് 200 ആയി തുടരും. 500ന് മുകളിൽ 225ൽ നിന്ന് 255 ആയും വർധിക്കും.
ത്രീഫേസ് കണക്ഷന് ചില വിഭാഗങ്ങൾക്ക് വർധനയില്ല. 70 രൂപ വരെ ചില സ്ലാബുകളിൽ ഫിക്സഡ് ചാർജ് വർധിക്കുന്നുണ്ട്. 24-25, 25-26 വർഷങ്ങളിലും ഇപ്രകാരം വൈദ്യുതി നിരക്കും ഫിക്സഡ് ചാർജും വർധിപ്പിക്കും. 26-27 വർഷം വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ടിട്ടില്ല. ഫിക്സഡ് ചാർജിൽ വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.