ഇലക്ട്രിക് ഷോക്ക്; വൈദ്യുതി വാഹന മേഖലക്ക് കുതിപ്പേകും
text_fieldsപാലക്കാട്: വൈദ്യുതിനിരക്ക് നിശ്ചയിച്ച ഉത്തരവിലെ നിർദേശങ്ങൾ വൈദ്യുതി വാഹനമേഖലക്ക് കുതിപ്പേകും. ഹൈ ടെൻഷൻ -ആറ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇ.വി ചാർജിങ് സ്റ്റേഷനുകളിലെ താരിഫിൽ ഡിമാൻഡ് ചാർജ് ഒഴിവാക്കിയത് മേഖലയിലേക്ക് കടന്നുവരുന്ന സ്റ്റാർട്ടപ് കമ്പനികൾക്കുൾപ്പെടെ ഗുണകരമാകും. നിലവിൽ ശേഷി കൂടിയ വൈദ്യുതി വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകൾ അധികം വരാത്തതിനു പിന്നിലുള്ള പ്രധാന കാരണവും ഡിമാൻഡ് ചാർജിന്റെ പേരിൽ ഈടാക്കിയിരുന്ന തുകയായിരുന്നു. പ്രതിമാസം ഒരു കിലോവാട്ട് വൈദ്യുതിക്ക് ഈടാക്കിവന്നിരുന്ന 290 രൂപയാണ് പുതിയ എച്ച്.ടി താരിഫിൽ കെ.എസ്.ഇ.ബി വേണ്ടെന്നുവെച്ചത്. അതേസമയം, എനർജി ചാർജായി ഈടാക്കിയിരുന്ന യൂനിറ്റിന് ആറു രൂപ ഏഴു രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.
വൈദ്യുതി ഉപഭോഗം രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തിരിച്ചാണ് ടി.ഒ.ഡി (ടൈം ഓഫ് ഡേ) താരിഫ് നിശ്ചയിച്ചിട്ടുള്ളത്. സൗര മണിക്കൂറിൽ അഞ്ചു രൂപ മാത്രമായി ഇ.വി വൈദ്യുതി നിരക്ക് ചുരുക്കിയപ്പോൾ മറ്റു സമയങ്ങളിൽ 9.20 രൂപയാക്കുകയും ചെയ്തു. പകൽ പുരപ്പുറ സോളാർ വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപഭോഗം ലക്ഷ്യമിട്ടാണ് മാറ്റം കൊണ്ടുവന്നത്.
ഡിമാൻഡ് ചാർജ് എടുത്തുകളഞ്ഞതോടെ ശേഷി കൂടിയ വൈദ്യുതി വാഹനങ്ങൾ പെട്ടെന്ന് ചാർജിങ് പൂർത്തിയാക്കി മടങ്ങാവുന്ന രീതിയിൽ ഫാസ്റ്റ് ചാർജർ, അൾട്രാ ചാർജറുകളുള്ള ഇ.വി സ്റ്റേഷനുകൾ സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ ഈടാക്കിയിരുന്ന ഡിമാൻഡ് ചാർജും നടപടിക്രമങ്ങളും കാരണം മുന്നോട്ടുവന്ന പലരും പിൻവാങ്ങുകയായിരുന്നു.
പകൽസമയത്ത് വൈദ്യുതി ചാർജിങ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാത്രികാലങ്ങളിലെ അമിത ഉപഭോഗം തടയിടുകയെന്ന ലക്ഷ്യംകൂടിയുണ്ട്. വൈകുന്നേരത്തെ നിരക്കുവർധനക്കു പിന്നിലും അതാണ് ലക്ഷ്യം. ആവശ്യകത ഏറെയുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജിലിടുന്നത് വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു. മാത്രമല്ല, പുതിയ താരിഫ് നയം പരിസ്ഥിതിസൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.