വൈദ്യുതി കണക്ഷന് പിന്നാലെ വീട്ടമ്മക്കെതിരെ കേസ്: വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ൈവദ്യുതി കണക്ഷൻ ലഭിച്ചതിനെത്തുടർന്ന് വീട്ടമ്മക്കെതിരെ വന പ്രദേശത്തുകൂടി വൈദ്യുതി ലൈൻ വലിെച്ചന്ന കുറ്റം ചുമത്തി േകസെടുത്ത നടപടിയിൽ ഹൈകോടതിക്ക് അതൃപ്തി. അപേക്ഷ നൽകി വൈദ്യുതി കണക്ഷൻ ലഭിച്ചതിെൻറ പേരിൽ ഒരു സ്ത്രീയെ പ്രതിയാക്കിയ സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കക്ഷിചേർത്ത് വിശദീകരണം തേടാനും സിംഗിൾ ബെഞ്ച് തീരുമാനിച്ചു.
ഇക്കാര്യത്തിൽ കലക്ടർ, ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ, കെ.എസ്.ഇ.ബി വയനാട് ഡിവിഷൻ എക്സി. എൻജിനീയർ, വനം വകുപ്പ് സെക്രട്ടറി എന്നിവരുടെ നിലപാട് തേടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കക്ഷി ചേർക്കാൻ ഇവരുടെ വിശദാംശങ്ങൾ നൽകാൻ രജിസ്ട്രിയെ ചുമതലപ്പെടുത്തി.
സുൽത്താൻ ബത്തേരിയിൽ വനാതിർത്തിയിൽ താമസിക്കുന്ന ആത്തിക്ക മറിയം നൽകിയ അപേക്ഷയിൽ ജില്ല കലക്ടറുെട നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ അനുവദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതർ ലൈൻ വലിച്ച് വൈദ്യുതി നൽകിയശേഷം വനം അധികൃതർ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. വനത്തിലൂടെ അനധികൃതമായി വൈദ്യുതി ലൈൻ വലിെച്ചന്നാരോപിച്ചായിരുന്നു കേസ്.
എന്നാൽ, കുറ്റം ചെയ്യാതെ അനാവശ്യമായാണ് കേസെടുത്തതെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആത്തിക്ക ഹൈകോടതിയെ സമീപിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഒാഫിസർ സത്യവാങ്മൂലത്തിലൂടെ വിശദീകരണം നൽകിയെങ്കിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
ഹരജിക്കാരിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചതിന് വിശദീകരണത്തിൽ വ്യക്തമായ ന്യായീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ ലഭിച്ചതിനെത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം വൈദ്യുതി ലൈൻ വലിച്ച് കണക്ഷൻ നൽകിയതാണെന്ന് വ്യക്തമായിരിക്കെ എങ്ങനെയാണ് അപേക്ഷ നൽകിയെന്നതിെൻറ പേരിൽ വീട്ടമ്മ പ്രതിയാവുകയെന്ന് കോടതി ആരാഞ്ഞു. 23ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.