ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും ഉയരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് വൈദ്യുതി ഉപഭോഗത്തിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ വർഷത്തെ വേനലിൽ റെക്കോഡ് വൈദ്യുതി ഉപയോഗമാണുണ്ടായത്. ചൂട് ഉയർന്ന് തന്നെ തുടർന്നാൽ, വൈദ്യുതി ഉപയോഗത്തിൽ ഇക്കുറിയും വലിയ വർധനക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പീക്ക് സമയ വൈദ്യുതി ഉപയോഗത്തിൽ ഇപ്പോൾ തന്നെ വർധന പ്രകടമാവുന്നുണ്ട്. ഈ മാസം പീക്ക് സമയത്ത് ഉയർന്ന ഉപയോഗം രേഖപ്പെടുത്തിയത് കഴിഞ്ഞ 14നാണ്. 4446 മെഗാവാട്ടായിരുന്നു അന്നത്തെ ഉപയോഗം.
ആകെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും വർധനയുണ്ട്. ജനുവരി 14ലെ 89 ദശലക്ഷം യൂനിറ്റാണ് ഈ വർഷത്തെ ഇതുവരെയുള്ള ഉയർന്ന ഉപഭോഗം. കഴിഞ്ഞ രണ്ടു ദിവസമായി പീക്ക് സമയ വൈദ്യുതി ആവശ്യകത 4300 മെഗാവാട്ട് കടന്നു. തിങ്കളാഴ്ച 4330 മെഗാവാട്ടും ചൊവ്വാഴ്ച 4359 മെഗാവാട്ടുമായിരുന്നു ഉപയോഗം.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷം മേയ് മൂന്നിനായിരുന്നു. 115.94 ദശലക്ഷം യൂനിറ്റായിരുന്നു അന്നത്തെ ഉപയോഗം. പീക്ക് സമയത്തെ റെക്കോഡ് ഉപയോഗത്തിലും കഴിഞ്ഞ മേയിൽ റെക്കോഡിട്ടു; 5797 മെഗാവാട്ട്. വൈദ്യുതി ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ലഭ്യമായെങ്കിലും വിതരണ ശൃംഖല ലോഡ് താങ്ങാനാവും വിധം സജ്ജമല്ലാതിരുന്നത് വിവിധ ജില്ലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക നിയന്ത്രണവും വേണ്ടിവന്നു.
വിവിധ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ഇത്തവണ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാവാനിടയില്ല. അതേസമയം വിതരണമേഖലയിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതടക്കം പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിസന്ധിക്ക് സാധ്യതയേറെയാണ്. പ്രത്യേകിച്ച്, വിതരണ ശൃംഖല മെച്ചമല്ലാത്ത മലബാർ മേഖലയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.