വൈദ്യുതി ഉൽപാദന തീരുവ:സൗരോർജ യൂനിറ്റ് സ്ഥാപിച്ചവരെ ഒഴിവാക്കുമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നവർക്കുള്ള തീരുവ വർധിപ്പിച്ച നടപടിയിൽനിന്ന് സോളാർ സ്ഥാപിച്ചവരെ ഒഴിവാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ ധനബിൽ ചർച്ചക്ക് മറുപടി പറയവെയാണ് പ്രഖ്യാപനം. ഇക്കഴിഞ്ഞ ബജറ്റിലാണ് സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കുന്നവർക്കുള്ള തീരുവ 1.2 പൈസ എന്നത് 15 പൈസായി വർധിപ്പിച്ചത്. ഇതിലൂടെ 24 കോടി വരുമാനം സമാഹരിക്കാനാകുമെന്നായിരുന്നു ധനവകുപ്പ് പ്രതീക്ഷ. എന്നാൽ, സോളാർ പാനലുകൾ സ്ഥാപിച്ചവർക്കും ഇതു ബാധമാകുമെന്നും പ്രോത്സാഹിപ്പിക്കേണ്ട ഇത്തരം സംരംഭങ്ങൾ തീരുവ വർധന തിരിച്ചടിയാകുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ഇതിനെതുടർന്നാണ് സബ്ജക്ട് കമ്മിറ്റി ബിൽ പരിശോധിക്കുമ്പോൾ പരിസ്ഥിതി സൗഹാർദ സംരംഭം എന്ന പരിഗണന നൽകി സോളാർ സ്ഥാപിച്ചവരെനിന്ന് ഒഴിവാക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ കുടുംബകോടതികളിലെ കേസുകളെയും ഉൾപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കുന്ന കാര്യവും പരിശോധിക്കും. കുടുംബകോടതികളില് ഫയല്‍ ചെയ്യുന്ന കേസുകൾക്ക് നിലവിൽ 50 രൂപയാണ് ഫീസ്. എന്നാൽ, ഒരുലക്ഷം രൂപ വരെയുള്ള കേസുകളില്‍ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അര ശതമാനവുമായി വർധിപ്പിക്കുമെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനം. അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളില്‍ പരമാവധി രണ്ടുലക്ഷം രൂപ എന്ന വ്യവസ്ഥയില്‍, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനവുമാകുമായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇക്കാര്യം പുനഃപരിശോധനക്ക് വിധേയമാവുകയാണ്. ചെക്കുകേസുകളിലും നിരക്ക് വർധന ഇളവുവരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വഞ്ചിതരാകുന്നവരാണ് ഇത്തരം കേസുകളിൽ കോടതിയിലെത്തുന്നതെന്നും വഞ്ചിച്ചവർക്കെതിരെ കേസെടുക്കുന്നതിന് ഇരകൾ അധികം പണം നൽകേണ്ട സ്ഥിതിയാവും ഉണ്ടാവുകയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.