അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ ഒടുവിൽ വൈദ്യുതിയെത്തി. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. തടികുണ്ട് , മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ് , കടുകുമണ്ണ ഊരുകളിലാണ് വൈദ്യുതി എത്തിച്ചത്. പ്രകാത്ന ഗോത്രവിഭാഗമായ ഖുറമ്പർരുടെ ആവാസ മേഖലയാണ് ഈ പ്രദേശം.
ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. വൈദ്യുതി ബന്ധം സ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കണ്ടതും മതിമറന്ന സന്തോഷം. സ്വിച്ചിട്ടപ്പോൾ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്ത്. നാലു ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്.
ഇതോടെ ആദിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യമായി. ഇവിടത്തെ കുട്ടികൾക്ക് ഇനി മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ട. ആകെ 92 വീടുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടക്കിടെ പണിമുടക്കുന്ന സോളാർ ലൈറ്റിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി ഊരുകൾക്ക് ആശ്വാസം. കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി ഇതോടെ അഗളിക്ക് സ്വന്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.