പൊതുവിപണിയിൽ വൈദ്യുതി വില ഉയരുന്നു; ഉപഭോക്താക്കൾക്ക് സർചാർജ് ഭീഷണി
text_fieldsതിരുവനന്തപുരം: ഉപഭോഗം കുതിച്ചുയർന്നതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ബോർഡ് പുറത്തുനിന്ന് വാങ്ങുന്നത് വൻ വിലയുള്ള വൈദ്യുതി. നേരത്തേ ലഭിച്ചിരുന്നതിന്റെ ഇരട്ടി വില വരെയാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. വൈദ്യുതി നിയന്ത്രണം ഇപ്പോൾ ഒഴിവാക്കാനാകുമെങ്കിലും വാങ്ങുന്ന വൈദ്യുതിയുടെ വൻ വിലയ്ക്ക് പിന്നീട് ഇന്ധന സർചാർജ് ഉപഭോക്താക്കൾ നൽകേണ്ടി വരും.
റെഗുലേറ്ററി കമീഷൻ കൊണ്ടുവന്ന നിയന്ത്രണമനുസരിച്ച് മൂന്നു മാസത്തിലൊരിക്കൽ ഇന്ധന സർചാർജിന് ബോർഡ് അപേക്ഷ നൽകുന്നുണ്ട്. ഇത് ഏറക്കുറെ റെഗുലേറ്ററി കമീഷൻ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 2022-23 ഏപ്രിൽ മുതൽ ജൂൺ വരെ വില കൂടിയ വൈദ്യുതി വാങ്ങി വിതരണം ചെയ്തതിന് 87.07 കോടി രൂപയാണ് കമീഷൻ ബോർഡിന് അധികം അനുവദിച്ചത്. യൂനിറ്റിന് ഒമ്പത് പൈസ വീതം ഇതിന് സർചാർജ് ഇപ്പോൾ പിരിച്ചുകൊണ്ടിരിക്കുകയാണ്.
2022 ജൂലൈ മുതൽ സെപ്റ്റംബർ വരെ 189.38 കോടിയുടെ അധിക വൈദ്യുതി വാങ്ങിയെന്നാണ് ബോർഡിന്റെ കണക്ക്. ഇത് ഈടാക്കാൻ യൂനിറ്റിന് 30 പൈസ വീതം ഇന്ധന സർചാർജ് ചുമത്താനാണ് നിർദേശം. 2022 ഒക്ടോബർ മുതൽ ഡിസംബർ വരെ കാലയളവിലേക്ക് 95.03 കോടിയുടെ കണക്കാണ് ബോർഡ് സമർപ്പിച്ചത്. യൂനിറ്റിന് മാസം 14 പൈസ വീതം സർചാർജ് ചുമത്തി ഇത് പിരിച്ചെടുക്കാനാണ് നീക്കം. കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്ന 2023 ജനുവരി -മാർച്ച് കാലയളവിലെ അപേക്ഷ ബോർഡ് ഉടൻ സമർപ്പിക്കും.
ഇത് ഉയർന്ന തുക ആയിരിക്കും. ഈ സാമ്പത്തിക വർഷം ഏപ്രിലിൽ വൈദ്യുതി വാങ്ങൽ കുത്തനെ കൂട്ടേണ്ടിവന്നു. മാത്രമല്ല വിപണിയിലെ വൈദ്യുതി വില കുത്തനെ ഉയരുകയും ചെയ്തു. ഈ ബാധ്യതയും വൈകാതെ ഉപഭോക്താക്കളുടെ മേൽ വരും. ജൂൺ 30നകം വൈദ്യുതി നിരക്ക് പരിഷ്കരണവും വരുന്നുണ്ട്. വമ്പൻ വർധനയാണ് നിർദേശിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷവും ബോർഡ് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിലിൽ വൈദ്യുതി ആവശ്യം കാര്യമായി ഉയർന്നു. വൈദ്യുതി ഉപഭോഗത്തിന്റെ സർവകാല റെക്കോഡുകൾ തുടർച്ചയായി മറികടക്കുകയാണ്. ബുധനാഴ്ചത്തെ ഉപഭോഗ റെക്കോഡ് 102.9984 ദശലക്ഷം യൂനിറ്റായി വ്യാഴാഴ്ച വർധിച്ചു.
ഇതിൽ 28.44 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തര ഉൽപാദനം. ബാക്കി 74.55 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. വലിയ നിലയമായ ഇടുക്കിയിൽനിന്ന് 11.95 ദശലക്ഷം യൂനിറ്റാണ് കഴിഞ്ഞ ദിവസം ഉൽപാദിപ്പിച്ചത്. എല്ലാ സംഭരണികളിലുമായി ഇനി 1558.41 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. സംഭരണികളിൽ 38 ശതമാനം മാത്രമേ വെള്ളമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.