അണക്കെട്ടുകള്‍ വറ്റുന്നു; വൈദ്യുതി ക്ഷാമം രൂക്ഷമാകും
text_fieldsതൊടുപുഴ: മഴ കുറഞ്ഞതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഇടുക്കിയില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളമേയുള്ളൂ. ഇതോടെ, വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയേറി.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും കൂടി 2000 ദശലഷം യൂനിറ്റില്‍ താഴെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ എന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. ആവശ്യമായ വൈദ്യുതി മുഴുവന്‍ സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പാദിപ്പിച്ചാല്‍ ഒരു മാസത്തില്‍ താഴെ മാത്രം ഉല്‍പാദിപ്പിക്കാനേ ഈ വെള്ളം തികയൂ. ഇടുക്കി അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പാദനം വളരെ കുറച്ചിരിക്കുകയാണ്. 3.143 ദശലക്ഷം യൂനിറ്റാണ് ബുധനാഴ്ചത്തെ ഉല്‍പാദനം. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം 10 ദശലക്ഷം യൂനിറ്റുവരെ പ്രതിദിനം ഉല്‍പാദിപ്പിച്ചിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് 90 ശതമാനം വരെയത്തെിയ 1992, 2007, 2013 വര്‍ഷങ്ങളില്‍ കേരളത്തിനാവശ്യമായ മൊത്തം വൈദ്യുതിയുടെ നാലിലൊന്നും ഇടുക്കിയില്‍ നിന്നായിരുന്നു. ഇടുക്കിയില്‍ ഇപ്പോള്‍ ജലനിരപ്പ് 2343.88 അടിയാണ്. സംഭരണശേഷിയുടെ 40.71 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം 2364.72 അടിയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 111.70 അടി വെള്ളമാണ് ഇപ്പോഴുള്ളത്. സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
നിലവില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 66 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ പരമാവധി ഒമ്പത് ദശലക്ഷം യൂനിറ്റേ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. 200 മെഗാവാട്ട് വൈദ്യുതി കൂടി പുറത്തുനിന്ന് വാങ്ങാന്‍ ബോര്‍ഡ് നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍തന്നെ ലൈനിന്‍െറ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ സാങ്കേതിക തടസ്സങ്ങളുള്ളതായും ബോര്‍ഡ് അധികൃതര്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തുലാമഴ നല്ല തോതില്‍ ലഭിക്കുന്നതിനാല്‍ വേനല്‍ക്കാല വൈദ്യുതി ഉല്‍പാദനത്തിനായി അണക്കെട്ടുകളില്‍ വെള്ളം കരുതിയിരുന്നു. ഈ സമയത്ത് വില കുറവായതിനാല്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ വേനല്‍ക്കാലത്തേക്ക് കരുതിവെക്കാനും വെള്ളമില്ല. അതിനാല്‍ വേനലില്‍ കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.