വൈദ്യുതി ഉൽപാദനം ഇരട്ടിയാക്കി; വിൽപനക്കും വെച്ചു
text_fieldsതൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് സംഭരണശേഷിയിലേക്ക് അടുത്തതോടെ നിലയങ്ങളിൽ ഉൽപാദനം ഇരട്ടിയാക്കി സർക്കാർ അധിക വൈദ്യുതി വില്പനക്കും െവച്ചു.
ജലശേഖരം സംഭരണിയിലാകെ 90 ശതമാനമാണ്. എന്നാൽ, വൈദ്യുതി ആവശ്യം കുറവും. ഈ സാഹചര്യത്തിലാണ് ഇടുക്കി അടക്കം വലിയ അണക്കെട്ടുകൾ തുറക്കുന്നത് ഒഴിവാക്കാൻകൂടി ഉദ്ദേശിച്ച് വൈദ്യുതി വിൽക്കുന്നത്. പവര്‍ എക്സ്ചേഞ്ച് വഴി രണ്ടുദിവസമായി ആരംഭിച്ച വിൽപനയിലൂടെ ജലം പാഴാകുന്നത് ഒഴിവാക്കാനും ശരാശരി നിരക്കിൽ വിൽപനക്കും കഴിയുന്നുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച 18.7 ലക്ഷം യൂനിറ്റ് വൈദ്യുതി യൂനിറ്റിന് ശരാശരി 2.71 രൂപ നിരക്കിലാണ് വിറ്റത്. വെള്ളിയാഴ്ച 34.05 ലക്ഷം യൂനിറ്റ് 2.9 നിരക്കിലും വിൽപന നടത്തി. പൊതുവെ ഡിമാൻഡ് കുറവായതാണ് കുറഞ്ഞനിരക്കിൽ വിൽക്കേണ്ടിവരുന്നതിന് കാരണം. അതേസമയം, ദീര്‍ഘകാല കരാര്‍ പ്രകാരം കേരളം വാങ്ങുന്ന വൈദ്യുതി വേണ്ടെന്നു വെക്കാനാകില്ല.
ഇത് ഒഴിവാക്കിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇക്കാരണത്താൽ വൈദ്യുതി വിൽപന സാധ്യത ഉപയോഗപ്പെടുത്തുേമ്പാഴും കരാർ പ്രകാരം വൈദ്യുതി പുറെമനിന്ന് വാങ്ങേണ്ടിയും വരുകയാണ്. അണക്കെട്ട് തുറന്നുവിട്ട് ജലം പാഴാകുന്നത് ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം. കല്ലാര്‍കുട്ടി, പെരിങ്ങൽക്കുത്ത്, കക്കാട്, മലങ്കര അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. പൊന്മുടി ഇടക്ക് തുറന്ന് അടച്ചു.
ഇടുക്കി, ഇടമലയാര്‍, കക്കി പോലെ വലിയ സംഭരണികളെല്ലാം നിറയാറായ അവസ്ഥയിലാണ്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 91.36 ശതമാനമാണ് ജലം. 2393.36 അടിയാണ് ജലനിരപ്പ്. 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയായാൽ അണക്കെട്ട് തുറക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.