വൈദ്യുതി നിരക്ക് വർധന; കെ.എസ്.ഇ.ബി വാദം എതിർക്കാനൊരുങ്ങി ഉപഭോക്തൃ സംഘടനകൾ
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ തെളിവെടുപ്പ് ചൊവ്വാഴ്ച തുടങ്ങും. വിവിധ ചാർജുകൾക്ക് പുറമേ ‘സമ്മർചാർജ്’ കൂടി ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തെ എതിർക്കാനുള്ള തയാറെടുപ്പിലാണ് ഉപഭോക്തൃ സംഘടനകൾ.
റെഗുലേറ്ററി കമീഷൻ തെളിവെടുപ്പുകളിൽ പതിവായി ഉപഭോക്താക്കളെ പ്രതിനിധീകരിച്ച് പങ്കെടുക്കാറുള്ള സംഘടന പ്രതിനിധികളെല്ലാം നാലിടങ്ങളിൽ നിശ്ചയിച്ചിട്ടുള്ള തെളിവെടുപ്പിൽ കണക്കുകൾ നിരത്തി പ്രതിരോധിക്കും. ആദ്യ തെളിവെടുപ്പ് സെപ്റ്റംബർ മൂന്നിന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമിലാണ്. രണ്ടാമത്തേത് നാലിന് പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലും. അഞ്ചിന് എറണാകുളം കോർപറേഷൻ ടൗൺ ഹാളിലും 11ന് തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിലുമാണ് തുടർന്നുള്ള തെളിവെടുപ്പുകൾ.
ഇന്ധന സർചാർജിന് പുറമേ, ‘സമ്മർ ചാർജ്’ ഉൾപ്പെടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതുമൂലമുള്ള അധിക ബാധ്യത അടക്കമാണ് കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്. ആഭ്യന്തര ഉൽപാദനം 30 ശതമാനത്തിൽ നിന്നുയർത്താൻ ഊർജിതശ്രമം നടത്തുന്നതിന് പകരം ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് അടിച്ചേൽപിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായി അധികൃതർ വിശദീകരിക്കുന്നത്.
പുതിയ ദീർഘകാല കരാറുകളിൽ യഥാസമയം ഏർപ്പെടാൻ കെ.എസ്.ഇ.ബിക്കായുമില്ല. പല തെളിവെടുപ്പുകളിലും റെഗുലേറ്ററി കമീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിയെ വിമർശിച്ചിട്ടുമുണ്ട്. വിവിധ കാരണങ്ങളാൽ വിതരണ കമ്പനിക്കുണ്ടാകുന്ന അധികബാധ്യതകളുടെ ഭാരം ഉപഭോക്താക്കളുടെ മേൽ അവർത്തിച്ച് അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്തൃസംഘടനകളെ പ്രതിനിധീകരിച്ച് തെളിവെടുപ്പുകളിൽ ഹാജരാകാറുള്ള ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ ഡിജോ കാപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.