വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി; ‘ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കും’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമായി വന്നിരിക്കുകയാണ്.
ഇതിനകം തന്നെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും തുടർന്നുള്ള പരിശോധനകളും റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. നവംബറിൽ നിരക്ക് വർധന പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.
ഡിസംബർ ഒന്നുമുതൽ പുതിയ നിരക്കിന് പ്രാബല്യം നൽകിയാവും തീരുമാനമുണ്ടാവുക. അതിനിടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ 19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും തുടരാൻ റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിയെ അനുവദിച്ചിട്ടുമുണ്ട്. വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ വർധന, വർധിക്കുന്ന പ്രവർത്തന-പരിപാലന ചെലവുകൾ, മൂലധന നിക്ഷേപ പദ്ധതികൾക്കുള്ള ചെലവ് എന്നിവ കണക്കാക്കുമ്പോൾ നിരക്ക് വർധന അനിവാര്യമാണെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
2024-25 മുതൽ 2026-27 വരെ ജനുവരി-മേയ് കാലയളവിൽ ‘സമ്മർ താരിഫ്’ ആയി യൂനിറ്റിന് പത്ത് പൈസ വീതം അധികം ഈടാക്കാൻ അനുവദിക്കമെന്നതാണ് മുൻകാലങ്ങളിൽനിന്ന് വ്യത്യസ്ഥമായി ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആവശ്യം. 2023-24ൽ 6989 എം.യു (മില്യൺ യൂണിറ്റ്)വൈദ്യുതി മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപിക്കാനായതെന്നും 24862 എം.യു വിലകൊടുത്ത് പുറത്തുനിന്നും വാങ്ങുകയായിരുന്നെന്നും റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിൽ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നുണ്ട്.
നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷയിൽ 120 ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് രണ്ടിനാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. നിരക്ക് ഉയർത്താനുള്ള ആവശ്യത്തിനെതിരെ തെളിവെടുപ്പുകളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കെടുകാര്യസ്ഥതമൂലമുള്ള ബാധ്യത ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനിടെ നിരക്ക് വർധനക്കെതിരെ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയത് കെ.എസ്.ഇ.ബിക്ക് ആശ്വാസമായി. അഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിലടക്കം കാര്യക്ഷമമായി ഇടപെടാതെ ചെലവുകളുടെ ഭാരം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നെന്ന വിമർശനമാണ് കെ.എസ്.ഇ.ബിക്കെതിരെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.