വൈദ്യുതി നിരക്ക് വര്‍ധന: പൊറുതി മുട്ടിയ ജനങ്ങളെ ഷോക്കേല്‍പ്പിച്ചു കൊല്ലുന്നുവെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതി മുട്ടിയ ജനങ്ങളെ വീണ്ടും ഷോക്കേല്‍പ്പിച്ചു കൊല്ലുന്ന നടപടിയാണ് ഇടത് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എസ്.ഡി.പി.ഐ. കേരളീയം എന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച്'കേരളപ്പിറവി'യുടെ വാര്‍ഷികാഘോഷങ്ങള്‍ നടത്തുന്നതിനിടെയാണ് കേരളിയരെയാകെ സര്‍ക്കാര്‍ ഷോക്കടിപ്പിച്ചിരിക്കുന്നത്.
നിരക്ക് വര്‍ധിപ്പിച്ചും സബ്സിഡി വെട്ടിക്കുറച്ചും ഇരട്ടപ്രഹാരമാണ് ഇടതുസര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. പുതിയ വര്‍ധനയനുസരിച്ച് 20 ശതമാനത്തോളം വര്‍ധനവാണ് ഉപഭോക്താവിനുണ്ടാകുന്നത്.
സാമൂഹിക സുരക്ഷയുടെ പേരില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ അധിക സെസ്, ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധന, രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന, ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്‌മെന്റുകളുടെയും രജിസ്‌ട്രേഷന്‍ തുക വര്‍ധന, വാഹന വില വര്‍ധന, റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കി, വെള്ളക്കരം മൂന്നിരട്ടിയിലധികം ഉയര്‍ത്തി. ഇങ്ങനെ ശ്വാസം വിടാനാവാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ മേലാണ് വൈദ്യുതി നിരക്ക് വര്‍ധന കൂടി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സാധാരാണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന നടപടിയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.