വൈദ്യുതി നിരക്ക് വർധനയിലേക്ക് നയിക്കുന്നത് ഉൽപാദനം ഉയർത്തുന്നതിലെ മെെല്ലപ്പോക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനക്ക് മുഖ്യകാരണമാവുന്നത് ആഭ്യന്തര ഉൽപാദനം ഉയർത്തുന്നതിലെ മെെല്ലപ്പോക്ക്. മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികൾ പുനരാരംഭിക്കാനും നിർമാണത്തിലുള്ളവ വേഗത്തിലാക്കാനും അടുത്തിടെ കെ.എസ്.ഇ.ബി ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതകൾ ഏറെയുള്ള സംസ്ഥാനത്ത് അത് പ്രയോജനപ്പെടുത്തുന്നതിലെ വീഴ്ചയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടക്കണക്ക് കൂട്ടിയതും അതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തുന്നതിലേക്കും നയിച്ചത്.
സംസ്ഥാനത്ത് ആവശ്യമായതിന്റെ 30 ശതമാനത്തിൽ താഴെയാണ് ആഭ്യന്തര ഉൽപാദനം. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സങ്കീർണ സാഹചര്യം മാറിവരുന്ന സർക്കാറുകൾ ഗൗരവത്തോടെ കാണുന്നില്ല.
ചെറുകിട ജലവൈദ്യുതി പദ്ധതികൾ, സൗരോർജം രാത്രിയിലേക്ക് ശേഖരിച്ചുവെക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ, കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സംവിധാനങ്ങൾ തുടങ്ങിയ യാഥാസമയം നടപ്പാക്കാനായില്ല. പത്ത് വർഷത്തിനിടെ കെ.എസ്.ഇ.ബി പുതുതായി വിതരണ ശൃംഖലയിലേക്ക് ചേർത്ത വൈദ്യുതിശേഷി 112 മെഗാവാട്ട് മാത്രമാണ്. നിലവിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികൾ പൂർത്തിയാക്കിയാൽ തന്നെ 195 മെഗാവാട്ട് വൈദ്യുതി മാത്രമേ അധികം ഉൽപാദിപ്പിക്കാനാവൂ.
ജലലഭ്യത ധാരാളമുള്ള സംസ്ഥാനമെന്ന നിലയിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (പി.എസ്.പി) അനുയോജ്യമാണെന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തുകയും പഠനങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും പ്രായോഗികമായില്ല. പകൽ സമയം വെള്ളം ഉയരത്തിലുള്ള റിസർവോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പി.എസ്.പി കേരളത്തിന് ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സമീപകാലത്ത് ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത് യാഥാർഥ്യമാകാനും സമയമെടുക്കും.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന നാല് ദീർഘകാല കരാറുകൾ റദ്ദാക്കപ്പെട്ടതും പ്രതിസന്ധിക്ക് ഒരു കാരണമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വേനൽക്കാലത്ത് 6000 മെഗാവാട്ടായി ഉയർന്ന വൈദ്യുതി ആവശ്യകത നിയന്ത്രണത്തിലൂടെ 5860 മെഗാവാട്ട് വരെയായി കുറച്ചതുകൊണ്ടാണ് വിതരണ ശൃംഖല തകരാറിലാകാതെ നിലനിർത്താനായത്. 15 ശതമാനമായിരുന്നു കഴിഞ്ഞ വേനലിൽ ഉപഭോഗ വർധന. വരുന്ന വേനലിൽ അത് അഞ്ച് ശതമാനം ആയാൽപോലും വിതരണം അവതാളത്തിലാവും.
ചെലവ് കുറഞ്ഞ വൈദ്യുതി: തുടർച്ചയായി നിർദേശം നൽകി റെഗുലേറ്ററി കമീഷനും
തിരുവനന്തപുരം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന തുടർച്ചയായ നിർദേശമാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷൻ നൽകാറുള്ളത്. കമീഷന്റെ വിവിധ തെളിവെടുപ്പുകളിൽ ഇതുസംബന്ധിച്ച നിർദേശം നൽകുന്നതിന് പുറമേ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട മിക്ക ഉത്തരവുകളിലും വിഷയം ഓർമിപ്പിക്കാറുമുണ്ട്.
പദ്ധതികൾ വൈകുന്നതുമൂലമുള്ള നഷ്ടം വൈദ്യുതി താരിഫ് നിർണയത്തിൽ പരിഗണിക്കില്ലെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. ജല വൈദ്യുതി പദ്ധതികളടക്കം പൂർത്തിയാക്കുന്നതിലെ കെ.എസ്.ഇ.ബിയുടെ അനാവശ്യ കാലതാമസം നഷ്ടത്തിന്റെ കണക്കിൽപെടുത്താനാവില്ലെന്നാണ് കമീഷൻ വ്യക്തമാക്കിയത്. 2027 വരെയുള്ള വൈദ്യുതോൽപാദന മേഖലയിലെ മൂലധന നിക്ഷേപപദ്ധതി അംഗീകരിച്ചുള്ള ഉത്തരവിലായിരുന്നു ഈ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.