വൈദ്യുതി നിരക്ക് കൂടും; യൂനിറ്റിന് ഒരു രൂപ കൂട്ടണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധനക്കും കളമൊരുങ്ങുന്നു. അടുത്ത ഒരു വർഷത്തേക്ക് യൂനിറ്റിന് പരമാവധി ഒരു രൂപ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
ഇതിന് കെ.എസ്.ഇ.ബി തയാറാക്കിയ താരിഫ് പെറ്റീഷൻ തിങ്കളാഴ്ച അംഗീകാരത്തിനായി െറഗുലേറ്ററി കമീഷന് സമർപ്പിച്ചു. അഞ്ചുവർഷം കൊണ്ട് വൈദ്യുതി നിരക്ക് യൂനിറ്റിന് 2.30 രൂപ കൂട്ടുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. 2013-2020 കാലത്ത് യൂനിറ്റിന് ഒരു രൂപയാണ് കൂടിയത്.
നിരക്ക് കൂട്ടുന്നതിലൂടെ ആദ്യ വർഷം 2800 കോടിയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചുവർഷംകൊണ്ട് 1800 കോടിയും. അടുത്ത അഞ്ചുവർഷത്തിൽ 28000 കോടിയുടെ മൂലധന നിക്ഷേപത്തിന് ബോർഡ് ലക്ഷ്യമിടുന്നുണ്ട്. ഇതാകട്ടെ കെ.എസ്.ഇ.ബിയുടെ ഇതുവരെയുള്ള ആസ്തിയെക്കാൾ കൂടുതലാണ്. ഇതിൽ 12000 കോടി വിതരണ ശൃംഖല പരിഷ്കരിക്കുന്നതിനാണ്.
നിലവിലെ എല്ലാ ഉപഭോക്താക്കളെയും സ്മാർട്ട് മീറ്ററിലേക്ക് മാറ്റുന്നതിന് 7000 കോടിയിലേറെ രൂപയും വേണ്ടി വരും. ഇതോടൊപ്പം ഇപ്പോഴുള്ള 8919 കോടി രൂപയുടെ സഞ്ചിത നഷ്ടം 2027 ആകുമ്പോൾ 5135.77 കോടി ആകുമെന്നാണ് ബോർഡിന്റ കണക്ക്. പ്രവർത്തനച്ചെലവിലെ വർധനയും വൈദ്യുതി വാങ്ങുന്നതിലെ ചെലവും കെ.എസ്.ഇ.ബി ഉന്നയിക്കുന്നുണ്ട്. ഈ ഘടകങ്ങളാണ് നിരക്ക് വർധനക്കുള്ള പശ്ചാത്തലമായി ബോർഡ് ചൂണ്ടിക്കാട്ടുന്നത്. നിരക്ക് വർധന പ്രാബല്യത്തിൽ വന്നാൽ വീടുകളുടെ വൈദ്യുതിനിരക്കിൽ 20 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് വിവരം.
താരീഫ് പെറ്റീഷൻ സമർപ്പിക്കാനുള്ള അവസാന സമയം ഡിസംബർ 31 ആയിരുന്നു. അത് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി 20 ആയി തീയതി മാറ്റിനൽകിയെങ്കിലും ബോർഡ് സമർപ്പിച്ചില്ല. തുടർന്നാണ് ഡിസംബർ 31 അന്തിമ തീയതിയായി നിശ്ചയിച്ചത്. ശനിയാഴ്ച ബോർഡ് യോഗം ചേർന്ന് താരീഫ് പെറ്റീഷന് അംഗീകാരം നൽകി. സിറ്റിങ്ങുകൾ നടത്തിയും പൊതുജനാഭിപ്രായം സ്വീകരിച്ചും ഓഡിറ്റ് നടത്തിയുമാവും കമീഷൻ അന്തിമ തീരുമാനമെടുക്കുക.
വർധന അനിവാര്യം -മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: വൈദ്യുതി നിരക്കിൽ വർധന ഉണ്ടായേക്കുമെന്ന സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പെടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വന്ന ശേഷമാകും അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.