വൈദ്യുതി നിയന്ത്രണം കടുപ്പിക്കാൻ സാധ്യത: അന്തിമ തീരുമാനം നാളെ
text_fieldsതിരുവനന്തപുരം: ലോഡ് ഷെഡിങ്ങിന് പകരം സംസ്ഥാനത്ത് ഏർപ്പെടുത്തിയ പ്രാദേശിക വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതലതല അവലോകന യോഗം നാളെ നടക്കും. പുതിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത. വ്യവസായിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ രാത്രി നിയന്ത്രണം, ഗാർഹിക ഉപഭോക്താക്കളെടയക്കം ഇരുട്ടിലാക്കുന്ന പ്രാദേശിക നിയന്ത്രണം എന്നിവ തുടരണമോയെന്നതടക്കം ചർച്ചചെയ്യും. ഇപ്പോഴത്തെ നിയന്ത്രണംവഴി കാര്യമായ പ്രയോജനമില്ലെന്ന വിലയിരുത്തലാണ് കെ.എസ്.ഇ.ബിക്കുള്ളത്.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഊർജ സെക്രട്ടറി, കെ.എസ്.ഇ.ബി പ്രസരണ-വിതരണ വിഭാഗം ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളോട് ഉപയോഗം കുറക്കാൻ ആവർത്തിച്ച് അഭ്യർഥിച്ച് കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുകയാണ്. ഒരോ ഉപഭോക്താവും പ്രതിദിനം ഉപയോഗിക്കുന്ന ഒരു ബൾബ് ഓഫ് ചെയ്താൽ സംസ്ഥാനത്താകെ 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണക്കുകൾ നിരത്തിയുള്ള അഭ്യർഥനയിൽ പറയുന്നത്.
കെ.എസ്.ഇ.ബിക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളുണ്ട്. അതില്‍ ഓരോരുത്തരും 10 വാട്ട്സിന്റെ ഒരു എൽ.ഇ.ഡി ബൾബ് ഓഫ് ചെയ്താൽ 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവും. 10 വാട്സിന്റെ രണ്ട് എല്‍.ഇ.ഡി ബള്‍ബോ 20 വാട്സിന്റെ ഒരു എല്‍.ഇ.ഡി ട്യൂബോ ഓഫാക്കിയാല്‍ 250 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഓരോ ഉപഭോക്താവും 50 വാട്സ് വൈദ്യുതി ഓഫ് ചെയ്താല്‍ കേരള ഗ്രിഡിന് 625 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. വൈകുന്നേരം ആറുമുതൽ രാത്രി 12 വരെ ഇങ്ങനെ ചെയ്യുമ്പോള്‍ പീക്ക് ഡിമാന്റില്‍ 11 ശതമാനം കുറയും. ഇതിലൂടെ വൈദ്യുതി മുടക്കം ഒരളവുവരെ പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.