വൈദ്യുതി നിരക്ക് വർധന: കർണാടകയിൽ വ്യവസായ ബന്ദ് നടത്തി
text_fieldsബംഗളൂരു: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ വ്യവസായ സംരംഭങ്ങൾ അടച്ചിട്ട് ബന്ദ് നടത്തി. കർണാടക ചേംേബഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്.കെ.സി.സി.ഐ) ആണ് വ്യവസായ യൂനിറ്റുകൾ അടച്ചിട്ട് ബന്ദിന് ആഹ്വാനം ചെയ്തത്. ഹുബ്ബള്ളി വ്യവസായ വാണിജ്യമേഖലയിൽ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബെളഗാവിയിലും സമാന അവസ്ഥയായിരുന്നു. ഹുബ്ബള്ളി, ധാർവാഡ്, ശിവമൊഗ്ഗ, ബെളഗാവി, ബെള്ളാരി, വിജയനഗർ, ദാവൻഗരെ, കൊപ്പൽ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിച്ചു. മേയ് 12നാണ് വൈദ്യുതിക്ക് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുൻകൂർ പ്രാബല്യമുണ്ട്.
ഏപ്രില്‍ മുതലുള്ള വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിയതും മാര്‍ച്ചില്‍ അധികമായി വൈദ്യുതി വാങ്ങേണ്ടിവന്നതുമാണ് നിരക്ക് വര്‍ധനക്ക് കാരണമായി വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനാൽ ജൂണിൽ വലിയ തുകയുടെ ബില്ലാണ് മിക്ക ഉപഭോക്താക്കൾക്കും ലഭിച്ചത്. ഇതുമൂലം കനത്ത സാമ്പത്തികബാധ്യതയാണ് വ്യവസായികൾക്കുണ്ടായിരിക്കുന്നതെന്നും സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തുന്നു.
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് അവസാനത്തോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങുക. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മുന്‍കൂര്‍ പ്രാബല്യത്തോടെ തെരഞ്ഞെടുപ്പിന് ശേഷം മേയ് 12നാണ് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയുള്ള ഈ വര്‍ധന ജൂണിലെ ബില്ലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം മാര്‍ച്ചില്‍ അധികമായി വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ തുകയും ഈടാക്കി. ഇതാണ് വൈദ്യുതി ബിൽ വര്‍ധനക്കിടയാക്കിയതെന്നാണ് സർക്കാറിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.