വൈദ്യുതി നിരക്ക് വർധന: ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സാമ്പത്തിക ബാധ്യതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വരുംവർഷങ്ങളിലെ കമ്പനിയുടെ പ്രതീക്ഷിത ചെലവും വരവും തമ്മിലുള്ള അന്തരത്തിന്‍റെ അടിസ്ഥാനത്തിലാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. കുടിശ്ശിക പിരിച്ചെടുക്കലും താരിഫ് പരിഷ്കരണവും തമ്മിൽ ബന്ധമില്ല. ബിൽ തുക മുഴുവനും വരുമാനമായി കണക്കിലെടുക്കുന്നതിനാൽ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശികയൊന്നും നികത്താനുള്ള റവന്യൂ കമ്മിയിൽ പ്രതിഫലിക്കില്ല.
ബോർഡിന്‍റെ ഏക വരുമാനം നിരക്ക് മാത്രമാണെന്നിരിക്ക ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കിയുള്ള നിരക്ക് പരിഷ്കരണം ബോർഡിന്‍റെ സേവനങ്ങളെയും മൂലധന നിക്ഷേപത്തെയും ബാധിക്കും. കെ.എസ്.ഇ.ബി ചെയർമാൻ സാമൂഹിക മാധ്യമങ്ങളിൽ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ല. അവിടെ നടക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ വന്ന ചില ആരോപണങ്ങൾക്കുള്ള മറുപടിയും നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചെയർമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരും കണ്ടതാണെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നും എൻ. ശംസുദ്ദീൻ ചൂണ്ടിക്കാട്ടി. വൻകിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാതെ കോളനികളിൽ ബിൽ മുടക്കം വരുത്തിയെന്ന് പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.