വൈദ്യുതിമോഷണം പെരുകി; വർഷത്തിനിടെ 48 കോടിയുടെ വെട്ടിപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിമോഷണം വർധിക്കുന്നു. 2023-24ൽ 48.097 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി. ഇതിൽ പിഴയടക്കം 28.328 കോടി രൂപ ഈടാക്കി. കെ.എസ്.ഇ.ബി ആന്റി പവർതെഫ്റ്റ് സ്ക്വാഡ് സംസ്ഥാന വ്യാപകമായി നടത്തിയ 32,062 പരിശോധനയിൽ 3851 ഇടത്ത് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 410 ഇടങ്ങളിലാണ് കൃത്യമായ വൈദ്യുതി മോഷണം ബോധ്യമായി നടപടി സ്വീകരിച്ചത്. എച്ച്.ടി കണക്ഷനുമായി ബന്ധപ്പെട്ട് 1172 പരിശോധന നടത്തിയതിൽ 117 ക്രമക്കേട് കണ്ടെത്തി.
2022-23 ൽ 37,372 പരിശോധന നടത്തിയപ്പോൾ 411 വൈദ്യുതി മോഷണമാണ് കണ്ടെത്തിയത്. 43.355 കോടിയുടെ മോഷണം കണ്ടെത്തിയതിൽ 20.483 കോടി രൂപ ഈടാക്കി. ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി ആന്റി പവർതെഫ്റ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. സ്ക്വാഡിന്റെ തെക്കൻ മേഖല ഓഫിസ് തിരുവനന്തപുരത്തും വടക്കൻ മേഖല ഓഫിസ് കോഴിക്കോട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, കോട്ടയം, എറണാകുളം, വാഴത്തോപ്പ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങൾ ആസ്ഥാനമായി 14 യൂനിറ്റുകളും പരിശോധന നടത്തുന്നുണ്ട്.
കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ വിജിലൻസ് വിങ്ങിന് 2023-24 ൽ 553 പരാതികളാണ് ലഭിച്ചത്. ഇതിൽ 483ൽ അന്വേഷണം പൂർത്തിയാക്കി തുടർനടപടി സ്വീകരിച്ചു. 2022-23ൽ 545 പരാതി ലഭിച്ചു. കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കൺസ്യൂമർ ഗ്രീവൻസസ് റിഡ്രസൽ ഫോറങ്ങളിൽ (സി.ജി.ആർ.എഫ്) ആകെ ലഭിച്ചത് 325 പരാതിയാണ്. ഇതിൽ മുൻവർഷം തീർപ്പാക്കാതെ ശേഷിച്ച 69 പരാതികളടക്കം പരിശോധിച്ചതിൽ 335 എണ്ണം തീർപ്പായി. വൈദ്യുതി വിതരണ മേഖലയെക്കുറിച്ച് ആക്ഷേപം ഏറെയുള്ള മലബാർ മേഖലയിൽനിന്നാണ് കൂടുതൽ പരാതി; 112 എണ്ണം. എറണാകുളത്ത് 127 പരാതിയും കൊട്ടാരക്കരയിൽ 86 പരാതിയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.