നിലമ്പൂർ - ഷൊർണൂർ പാത വൈദ്യുതീകരണം; റെയിൽവേ ഗേറ്റുകളിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം വരുന്നു
text_fieldsമേലാറ്റൂർ: നിലമ്പൂർ - ഷൊർണൂർ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള റെയിൽപാതയിലെ മുഴുവൻ ഗേറ്റുകളിലും വലിയ ചരക്കുവാഹനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തുക. ഇതിന്റെ ഭാഗമായി ഗേറ്റുകൾക്കിരുവശവുമുള്ള പാതകളിൽ കമാനം നിർമിക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചു. 67 കിലോമീറ്റർ ദൂരത്തിലുള്ള റെയിൽപാതയിൽ 10 ഗേറ്റുകളാണുള്ളത്. വാടാനാംകുർശ്ശി, വല്ലപ്പുഴ, ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഗേറ്റുകൾ. ഇതിൽ വാണിയമ്പലവും നിലമ്പൂരും റെയിൽവേയുടെ ട്രാഫിക് വിഭാഗത്തിന് കീഴിലുള്ളതാണ്.
4.76 മീറ്റർ ഉയരത്തിലാണ് കവാടത്തിന്റെ നിർമാണം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഈ ഉയരത്തിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾക്ക് ഗേറ്റുകൾ വഴി കടന്നുപോകാനാവില്ല. ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിൽ ഇരുവശവും കവാടങ്ങൾ നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പട്ടിക്കാട് ഗേറ്റിൽ ഇരുവശത്തുമുള്ള ഫൗണ്ടേഷൻ പൂർത്തിയായി. റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി, റോഡ് മുറിച്ചുപോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനാണ് കവാടം നിർമിക്കുന്നത്.
മേലാറ്റൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി നിർമിക്കുന്ന ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമാണവും ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.