വോട്ടുയന്ത്രങ്ങൾ ഒരുങ്ങുന്നു
text_fieldsസുൽത്താൻ ബത്തേരി: വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഒരുക്കൽ തുടങ്ങി. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലേക്കുള്ള ബാലറ്റ്, കൺട്രോൾ യൂനിറ്റുകളും വിവി പാറ്റും അസി. റിട്ടേണിങ് ഓഫിസർമാർക്ക് വിതരണം ചെയ്തു. ഇത് അതാത് നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. ബത്തേരിയിലെ ഇലക്ഷൻ കമ്മീഷന്റെ വെയർഹൗസിൽ നിന്നാണ് ഇലക്ഷൻ സാമഗ്രികൾ വിതരണം ചെയ്തത്.
സുൽത്താൻബത്തേരി, കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ശനിയാഴ്ച വിതരണം ചെയ്തത്. ബാലറ്റ് കൺട്രോൾ യൂനിറ്റുകളും വിവിപാറ്റും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിതരണം. സുൽത്താൻ ബത്തേരിയിൽ 278 ബാലറ്റ് കൺട്രോൾ യൂനിറ്റുകളും, 291 വിവിപാറ്റും, മാനന്തവാടിയിൽ 223 ബാലറ്റ് കൺട്രോൾ യൂനിറ്റുകളും 233 വിവിപാറ്റും, കൽപറ്റ നിയോജകമണ്ഡലത്തിലേക്ക് 241 ബാലറ്റ് കൺട്രോൾ യൂനിറ്റുകളും, 252 വിവിപാറ്റുമാണ് അതത് ആർ.ഒമാർക്ക് കൈമാറിയത്. ഇവ ബത്തേരി സെന്റ്മേരീസ് കോളജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമിലും കൽപ്പറ്റയിൽ മുട്ടിൽ ഡബ്ല്യു എം.ഒ കോളജിലും, മാനന്തവാടി സെന്റ് പാട്രിക് സ്കൂളിലും സൂക്ഷിക്കും. സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികസമർപ്പണവും സൂക്ഷ്മപരിശോധനയും പിൻവലിക്കലിനുംശേഷം ഇ.വി.എം മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും ചേർക്കും. തുടർന്നാണ് തെരഞ്ഞെടുപ്പിനായി ഇവ ഉപയോഗിക്കുക. നോഡൽ ഓഫീസർ ആർ. ശരത്ചന്ദ്രൻ, അസി. ആർ.ഒമാരായ അനിതകുമാരി, വിശാൽ സാഗർ ഭരത്, തഹസിൽദാർമാരായ പി.കെ. ജോസഫ്, അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ പ്രശാന്ത്, പ്രകാശ്, ഉമ്മർ അലി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
അതിർത്തികളിൽ പൊലീസ് പരിശോധന കർശനം
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇതിനായി 24 മണിക്കൂറും പിക്കറ്റ് പോസ്റ്റ്, പൊലീസ് പട്രോളിങ് എന്നിവ സജീവമാക്കി. പെരിക്കല്ലൂർ കടവ് ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ഉറപ്പുവരുത്തുന്നതിനായി അഡീഷനൽ എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ശരീഫ്, പുൽപള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. സുഭാഷ്, സബ് ഇൻസ്പെക്ടർ സി.ആർ. മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ച പത്രിക സ്വീകരിക്കില്ല
കൽപറ്റ: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് തിങ്കളാഴ്ച പ്രവൃത്തി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം ചില ഓഫിസുകൾ അവധിയായതിനാൽ അന്ന് നാമനിർദ്ദേശപത്രിക സ്വീകരിക്കില്ലെന്ന് വയനാട് ലോക്സഭ മണ്ഡലം വരണാധികാരി കൂടിയായ ജില്ല കലക്ടർ ഡോ. രേണു രാജ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.