കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു
text_fieldsവാളയാർ: രാത്രി സുഹൃത്തുക്കളുമൊത്ത് കുളിക്കാനെത്തിയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വാളയാർ നടുപ്പതി ആദിവാസി കോളനിയിൽ സുന്ദരെൻറ മകൻ മണികണ്ഠനാണ് (18) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ നടുപ്പതി വനത്തിനുള്ളിലെ തോട്ടിലായിരുന്നു സംഭവം. തോട്ടിലിറങ്ങുന്നതിനിടെ ആനയുടെ ശബ്ദം കേട്ട് സുഹൃത്തുക്കൾക്കൊപ്പം ഓടി രക്ഷപ്പെടുന്നതിനിടെ മണികണ്ഠൻ വേരിൽ തടഞ്ഞ് വീഴുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടാന മണികണ്ഠനെ നിലത്തിട്ടു ചവിട്ടുകയും തുമ്പിക്കൈകൊണ്ടു വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലവിളിയോടെ 15 മിനിറ്റോളം ആന ഇവിടെ നിലയുറപ്പിച്ചു. പിന്നീട് സുഹൃത്തുക്കളുടെ നിലവിളി കേട്ട് കോളനിയിലുള്ളവർ ഓടിക്കൂടി. ഇവർ പന്തം കാട്ടിയും ശബ്ദമുണ്ടാക്കിയും ആനയെ വിരട്ടിയോടിച്ച് മണികണ്ഠനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെണ്ടമേള കലാകാരനായ മണികണ്ഠൻ പാലക്കാട്ടെ ഉത്സവത്തിൽ വാദ്യമേളം കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ടോടെയാണു വീട്ടിലെത്തിയത്. തുടർന്ന് കുളിക്കാനായി പോയപ്പോഴായിരുന്നു ദുരന്തം. മേളമില്ലാത്തപ്പോൾ സഹോദരനുമൊത്തു മലബാർ സിമൻറ്സിൽ ചരക്കിറക്കാനും പോയിരുന്നു.
സംസ്ഥാന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നടുപ്പതിയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് മണികണ്ഠൻ. ഒന്നര വർഷം മുമ്പ് ഇതേ കോളനിയിലെ കറുപ്പൻ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം നാലുപേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എസ്.ഐ അൻഷാദിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: സുന്ദരി. സഹോദരങ്ങൾ: അനിൽകുമാർ (വനം വാച്ചർ), സൂര്യപ്രകാശ് (എം.സി.എൽ), വിദ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.