കാട്ടാനശല്യം: വയനാട്ടിൽനിന്നുള്ള സംഘം ഇടുക്കിയിൽ
text_fieldsഅടിമാലി: കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽനിന്നുള്ള ദ്രുത പ്രതികരണ സംഘം (ആർ.ആർ.ടി) ഇടുക്കിയിൽ എത്തി. വയനാട് ആർ.ആർ.ടി റേഞ്ച് ഓഫിസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. സർക്കാർ നിർദേശപ്രകാരമാണ് വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘം ഇടുക്കിയിൽ എത്തിയത്. പ്രശ്ന പരിഹാരത്തിന് സർക്കാർ നിയോഗിച്ച നോഡൽ ഓഫിസറും ഹൈറേഞ്ച് സർക്കിൾ സി.സി.എഫുമായ ആർ.എസ്. അരുൺ, മൂന്നാർ ഡി.എഫ്.ഒ എന്നിവരുമായി സംഘം ആശയവിനിമയം നടത്തും.
ഇടുക്കിയിലെ ഭൂപ്രകൃതിയെക്കുറിച്ച് പഠിച്ച ശേഷം അപകടകാരികളായ ആനകളെ മയക്കുവെടി വെച്ച് പിടിക്കുന്നതടക്കം കാര്യങ്ങൾ വിലയിരുത്തും. ഈ റിപ്പോർട്ട് ലഭിച്ച ശേഷമാകും ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുക.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ സംഘം ഞായറാഴ്ച മുതലാകും നിരീക്ഷിക്കുക. തുടർന്ന്, തിങ്കളാഴ്ച ഉന്നതതല യോഗവും ചേരും.
കാട്ടാനകളെ കണ്ട് ഭയന്നോടിയ ആൾക്ക് വീണ് പരിക്ക്
അടിമാലി: കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ മധ്യവയസ്കന് വീണ് ഗുരുതര പരിക്കേറ്റു. ബി.എൽ റാം സ്വദേശി ശേഖരപാണ്ഡ്യനാണ് (53) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം.
അരമനപ്പാറയിലെ സ്വന്തം കൃഷിയിടത്തിൽ വെച്ചാണ് ശേഖരപാണ്ഡ്യൻ നാല് പിടിയാനകളുടെ കൂട്ടത്തിന് മുന്നിൽപെട്ടത്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീഴുകയായിരുന്നു. നെഞ്ചിനും കാലുകൾക്കും പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.